രണ്ടാഴ്ചത്തെ ധ്യാനനിർഭരമായ സമർപ്പണത്തിന് ഒടുവിൽ പതിനാലാം തവണയും പാരീസ് ക്ലേ കോർട്ടിൽ ടെന്നീസിലെ സ്പാനിഷ് വിശുദ്ധൻ കപ്പുയർത്തി. റോളാണ്ട് ഗാറോസിലെ ട്രോഫിയിൽ റഫേൽ നദാൽ 14ആം തവണയും മുത്തമിട്ടപ്പോൾ ലോകം ഒന്നായി ആർത്തു വിളിച്ചു, ഒരേയൊരു രാജാവ്. ഇനി ഒരിക്കൽ പോലും ഇത് പോലെ 14 തവണ കപ്പുയർത്താൻ റോളണ്ട് ഗറോസിൽ എന്നല്ല ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിലും ആരെങ്കിലും ഉണ്ടാകും എന്ന് കരുതുന്നില്ല.
തന്റെ 22ആം ഗ്രാൻഡ്സ്ലാം നേടി ഫെഡററെയും, ജോക്കോവിച്ചിനെയും ഒരു സ്ലാം കൂടി ദൂരത്തിൽ നിറുത്തി നദാൽ തോൽപ്പിച്ചത് നോർവെക്കാരൻ കാസ്പെറിനെയാണ്. കാസ്പറിന് ആശ്വസിക്കാം, തോറ്റത് ക്ലേ കോർട്ടുകളുടെ മുടിചൂടാ മന്നനോടും, തന്റെ തന്നെ ഗുരുവിനോടുമാണെന്നു. ഇത്തരം ഫൈനലുകൾ തോറ്റ് തുടങ്ങി ഭാവിയിലെ ചാമ്പ്യൻഷിപ്പുകൾക്കായി കാസ്പറിന് തയ്യാറെടുക്കാം.
പല കാരണങ്ങൾ കൊണ്ട് ഈ ജയം നദാലിന് പ്രത്യേകത ഏറെയുള്ള ഒന്നാണ്. തന്റെ ശിഷ്യൻ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂർണമെന്റിന്റെ ഫൈനലിൽ കളിക്കുക എന്നത് നദാലിന് അത്യാഹ്ലാദം നൽകുന്ന കാര്യമാണ്. ഈ വർഷത്തെ വിമ്പിൽഡൻ ടൂർണമെന്റിൽ നിന്നു വിട്ടു നിൽക്കാൻ തീരുമാനിച്ച നദാൽ ഇനി എത്ര ഗ്രാൻഡ്സ്ലാം കളിക്കും എന്നു ഒരു ഉറപ്പുമില്ല. അടുത്ത തവണ പാരീസിൽ ഒരു കളിക്കാരനായി വരുമോ എന്നു പോലും പറയാൻ പറ്റില്ല. അതേ സമയം, സെമിയുടെ അന്ന് 36 വയസ്സ് തികഞ്ഞ നദാലിന് ഈ വിജയം നൽകുന്ന ഊർജ്ജം കുറച്ചൊന്നുമല്ല. തനിക്ക് ഇനിയും ഒന്നിൽ കൂടുതൽ അങ്കത്തിനുള്ള കരുത്ത് ഉണ്ടെന്ന് സ്വയവും ലോകത്തോടും വിളിച്ചു പറയാൻ ഒരു അവസരം കൂടിയായി കളിക്കളത്തിലെ ഈ ജന്റിൽമാന് ഈ വിജയം.