യൂറോ കപ്പ് ചാമ്പ്യന്മാരും കോപ അമേരിക്ക ചാമ്പ്യന്മാരും നേർക്കുനേർ വന്ന ഫൈനലിസിമ്മയിൽ അർജന്റീനയ്ക്ക് വിജയം. വെംബ്ലിയിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സി നയിച്ച അർജന്റീന എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ലോകകപ്പ് യോഗ്യത കൈവിട്ട ഇറ്റലി ആ വേദനയിൽ നിന്ന് ഇനിയും കരകയറിയില്ല എന്ന് വ്യക്തമാകുന്ന പ്രകടനമാണ് ഇന്ന് ബ്രിട്ടൺ തലസ്ഥാന നഗരിയിൽ നടത്തിയത്.
മത്സരത്തിന്റെ 28ആം മിനുട്ടിൽ ആണ് അർജന്റീന ലീഡ് എടുത്തത്. ലയണൽ മെസ്സി പെനാൾട്ടി ബോക്സിൽ നിന്ന് ഒരു മികച്ച ടേണോടെ സ്പേസ് കണ്ടെത്തി നൽകിയ പാസ് ലൗട്ടാരോ ഒരു പൗച്ചറെ പോലെ തട്ടി ഡൊണ്ണരുമ്മയെ മറികടന്ന് വലയിൽ എത്തിച്ചു. അർജന്റീന 1-0 ഇറ്റലി.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്നെ ആയിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. ഡിമറിയയുടെ ലോകോത്തര ടച്ചുള്ള ഒരു ചിപ് ആണ് രണ്ടാം ഗോളിൽ കലാശിച്ചത്. ലൗട്ടാരോയുടെ പാസിൽ നിന്ന് ആയിരുന്നു ഡി മറിയയുടെ ഫിനിഷ്. സ്കോർ 2-0.
രണ്ടാം പകുതിയിലും അർജന്റീന അറ്റാക്ക് തുടർന്നു. അവർ അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ ഇതിനേക്കാൾ വലിയ പരാജയം ഇറ്റലി നേരിടേണ്ടി വന്നേനെ. അവസാനം 93ആം മിനുട്ടിൽ ഡിബാല കൂടെ ഗോൾ നേടിയതോടെ അർജന്റീനയുടെ വിജയം പൂർത്തിയായി. അർജന്റീന സ്കലോനിയുടെ കീഴിൽ നടത്തിയ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇന്ന് കണ്ടത്.