ഗോകുലം കേരളയുടെ ഇറ്റാലിയൻ പരിശീലകൻ വിൻസെൻസൊ ആൽബർട്ടോ അനീസെ ക്ലബ് വിട്ടു. ഇന്ന് ഇൻസ്റ്റഗ്രാം വഴി താൻ ക്ലബ് വിടുക ആണെന്ന് അനീസെ പറഞ്ഞു. 2020ൽ ആയിരുന്നു അനീസെ ഗോകുലം കേരളയിൽ എത്തിയത്. തുടർച്ചയായ രണ്ട് സീസണിൽ ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്മാരാക്കാൻ അനീസെക്ക് ആയി. ഗോകുലത്തെ എ എഫ് സി കപ്പിൽ പരിശീലിപ്പിക്കാനും യുവ പരിശീലകന് ആയിരുന്നു.
താൻ വന്ന ദിവസം മുതൽ ഇന്ത്യൻ ഫുട്ബോൾ തന്നെ ഞെട്ടിച്ചു എന്നും ഇന്ത്യയിൽ ഉടനീളം മികച്ച ഫുട്ബോൾ ടാലന്റുകൾ ഉണ്ട് എന്നും അനീസെ ഇന്ന് പറഞ്ഞു. താൻ പുതിയ വെല്ലുവിളി തേടി പോവുക ആണെന്നും ഗോകുലം കേരളയോട് തനിക്ക് എന്നും സ്നേഹം ഉണ്ടായിരിക്കും എന്നും അനീസെ പറഞ്ഞു. തന്റെ അടുത്ത ദൗത്യം എവിടെയാകും എന്ന് അറിയില്ല എന്നും അത് ഇന്ത്യയിൽ തന്നെ ആകാനും സാധ്യത ഉണ്ട് എന്നും അനീസെ പറഞ്ഞു.
അനീസെ ക്ലബ് വിടുന്നത് ഗോകുലം കേരളക്ക് വലിയ നഷ്ടമാകും. ഐ ലീഗിൽ 21 മത്സരങ്ങളുടെ അപരാജിത കുതിപ്പ് നടത്തി റെക്കോർഡ് ഇടാനും അനീസെയുടെ കീഴിൽ ഗോകുലത്തിനായിരുന്നു.