ഇന്ന് പുലർച്ചേ പാരീസിലെ തോട്ടങ്ങളിൽ മുന്തിരി വള്ളി തളിർത്തോ എന്നും മാതള നാരകങ്ങൾ പൂവിട്ടോ എന്നും നോക്കാൻ ഇറങ്ങിയ കമിതാക്കൾ കാണുക കിളച്ചു മറിച്ചിട്ട കൃഷിയിടങ്ങളാകും. കൊമ്പ് കോർക്കാൻ മുക്രയിട്ടു വന്ന സെർബിയൻ കാളക്കൂറ്റനെ മൂക്ക്കയറിട്ടു മണ്ണിൽ മുട്ടുകുത്തിച്ച മണ്ണിന്റെ മകൻ അവിടെ ഒന്നും അറിയാത്ത ഭാവത്തിൽ വിശ്രമിക്കുന്നുണ്ടാകും. റോളാണ്ട് ഗാറോസ് കണ്ടത്തിലെ പതിനാലാം രാവിലെ വിളവെടുപ്പിനായി തയ്യാറെടുത്തു കൊണ്ട്.
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത ആധിപത്യമാണ് റഫേൽ ഇന്ന് നോവാക്കിന് മേൽ കാഴ്ചവച്ചത്. ഒരു ഫൈവ് സെറ്റർ പ്രതീക്ഷിച്ചു വന്ന കാണികളെ തുടക്കം മുതൽ ആവേശത്തിലാക്കിയ പ്രകടനമാണ് റഫേൽ പുറത്തെടുത്തത്. രണ്ടാം സെറ്റിൽ ജോക്കോ തിരിച്ചു വന്നെങ്കിലും അടുത്ത രണ്ടു സെറ്റുകൾ നേടി സെമിയിലേക്ക് ടിക്കറ്റ് എടുക്കുന്ന സ്പാനിഷ് താരത്തെയാണ് കണ്ടത്.
രാത്രി കളി തനിക്ക് ഇഷ്ടമല്ലെന്നു പറഞ്ഞ റഫെലിനെ ഇന്നലെ രാത്രി ജോക്കോയും കൂട്ടരും ചെറുതായി കണ്ടത് പിഴവായി. ആദ്യ സെറ്റിൽ റഫേൽ കയ്യടക്കിയ കളി പിന്നീട് തിരിച്ചു പിടിക്കാൻ ജോക്കോ മാനസ്സികമായി ബുദ്ധിമുട്ടി. രണ്ടാം സെറ്റ് നേടി തിരിച്ചു വന്നെങ്കിലും പിന്നീട് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ ജോക്കോവിച്ചിന് സാധിച്ചില്ല.
അൽക്കരാസിനെ തോൽപ്പിച്ചു സെമിയിൽ എത്തിയ സ്വേറെവ് ആണ് റഫയുടെ അടുത്ത എതിരാളി. ഡ്രോപ്പ് ഷോട്ടുകൾ കൊണ്ട് കുഴപ്പിച്ച അൽക്കരാസിൽ നിന്ന് തികച്ചും വ്യത്യസ്തമായ കളിയാകും റഫേൽ സ്വേരെവിനായി കാഴ്ചവയ്ക്കുക. ഇന്നലത്തെ രണ്ട് കളികളും നോക്കിയാൽ, റഫേൽ ഇക്കൊല്ലം ഫ്രഞ്ച് ഓപ്പൺ ഫൈനൽസിൽ ഉണ്ടാകും എന്നുറപ്പ്.