സോങ്ക വിരമിച്ചു. ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ റൂഡിനോട് 1-3 ന് തോറ്റാണ് തന്റെ അവസാന കളി കളിച്ചത്. 4 മണിക്കൂർ നീണ്ട ഗെയിമിൽ കഴിഞ്ഞ കുറെ കാലങ്ങളായുള്ള പരിക്ക് പിന്തുടർന്നു. ഇത്തവണ ഷോൾഡർ ആണ് വില്ലനായത്.
ലോകത്ത് നദാൽ, ഫെഡറർ, ജോക്കോ എന്നീ മൂന്ന് പേരെയും പ്രൊഫെഷണൽ ടെന്നീസിൽ തോൽപ്പിച്ച മൂന്ന് പേരിൽ ഒരാളാണ് സോങ്ക. യുഎസ് ഓപ്പൺ ജൂനിയർ ടൈറ്റിൽ 2003ൽ വിജയിച്ചു തന്റെ വരവ് അറിയിച്ച സോങ്ക പിന്നീട് പ്രൊഫെഷണൽ ടെന്നീസിൽ മാറ്റിവയ്ക്കാൻ ആകാത്ത ഒരു പേരായി മാറി. മിക്ക ഗ്രാൻഡ്സ്ലാം കളികളിലും അവസാന 4 കളിക്കാരിൽ ഒരാളായി മാറി സോങ്ക. 2008 ഓസ്‌ട്രേലിയൻ ഓപ്പൺ റണ്ണറപ്പായിരുന്നു. ഒളിംപിക്സിൽ ഡബിൾസിൽ സിൽവർ നേടിയിട്ടുണ്ട്. എടിപി റാങ്കിങ്ങിൽ 5 വരെ എത്തിയ കളിക്കാരനാണ് സോങ്ക.
ഫ്രാൻസിലേക്ക് കുടിയേറിയ കോംഗോളീസ് ഹാൻഡ്ബാൾ കളിക്കാരൻ ഡിഡിയർ പിതാവ്, ഫ്രഞ്ച്കാരി എവേലിൻ ആയിരുന്നു മാതാവ്. അനുജൻ എൻസോ, ഫ്രാൻസ് ജൂനിയർ ബാസ്കറ്റ് ബോൾ പ്രോഗ്രാമിൽ അംഗമായി. 2018ൽ നൂറ എൽ ശ്വേയ്ക്കിനെ കല്യാണം കഴിച്ചു. ഒരു മകനുണ്ട്, പേര് ഷുഗർ.
ഫ്രഞ്ച് സഹതാരം മോൻഫിൽസിനൊപ്പം കളിച്ചു വളർന്ന സോങ്ക, ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുമായുള്ള മുഖസാദൃശ്യം കാരണം അലി എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
2017ലെ ഡേവിസ് കപ്പ് ഫ്രാൻസ് നേടുന്നതിൽ പ്രധാന പങ്ക് വഹിച്ച സോങ്ക, ദേശീയ ടെന്നീസ് ടീമിൽ ഒരു സ്ഥിരം അംഗമായിരുന്നു.
ടെന്നീസ് സർക്യൂട്ടിൽ ഇത് വരെ മോശമായി പെരുമാറി പേരുദോഷം വരുത്താത്ത സോങ്ക കളിക്കാർക്കും കാണികൾക്കും ഒരു പോലെ പ്രിയങ്കരനായിരിന്നു. എപ്പോഴും ഒരു പുഞ്ചിരിയോടെയല്ലാതെ സോങ്കയെ നമുക്ക് കാണാൻ കഴിയില്ല. സോങ്കക്കായുള്ള വിരമിക്കൽ സന്ദേശത്തിൽ ഫെഡററും, ജോക്കോയും, നദാലും ഈ കളിക്കാരനെ തങ്ങൾ വല്ലാതെ മിസ്സ് ചെയ്യും എന്ന് പറഞ്ഞത് വെറുതെയല്ല. സോങ്ക, ആ കളിയും ആ ചിരിയും ഞങ്ങളും മിസ്സ് ചെയ്യും.