ഐപിഎലില്‍ എല്ലാ ടീമുകളും 13 വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ടൂര്‍ണ്ണമെന്റിൽ 7 ടീമിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ സജീവമായി നിലകൊള്ളുന്നു. ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും പുറത്തായ ടീമുകളായി.
ബാക്കി ഏഴ് ടീമുകള്‍ ഇപ്പോളും പ്ലേ ഓഫ് സാധ്യതകളുമായി നിലകൊള്ളുന്നു. 16 പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയൽസും ലക്നൗ സൂപ്പര്‍ ജയന്റ്സും ആണ് പ്ലേ ഓഫ് സാധ്യതകളുമായി മുന്നിലെങ്കിലും ഡൽഹി ക്യാപിറ്റൽസിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും 16 പോയിന്റിലെത്തുവാന്‍ സാധ്യതയുള്ളതിനാൽ രാജസ്ഥാനും ലക്നൗവിനും പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ തങ്ങളുടെ അടുത്ത മത്സരത്തിന്റെ ഫലം നിര്‍ണ്ണായകമാണ്.
ഇരുവരും അടുത്ത മത്സരങ്ങള്‍ പരാജയപ്പെടുകയും ഡൽഹിയും ആര്‍സിബിയും അവരുടെ അടുത്ത മത്സരം ജയിക്കുകയും ചെയ്താൽ റൺ റേറ്റാവും പ്ലേ ഓഫ് സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുക. ഇതിൽ ആര്‍സിബിയാണ് ഇപ്പോള്‍ റൺ റേറ്റിൽ ഏറെ പിന്നിൽ. മറ്റു മൂന്ന് ടീമുകള്‍ക്കും വലിയ തോൽവി ഇല്ലെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാനാകും. ആര്‍സിബിയ്ക്ക് തങ്ങള്‍ അടുത്ത കളി ജയിക്കുകയും ഡൽഹി തോൽക്കുകയും ചെയ്താലാണ് ഏറ്റവും അനായാസമായുള്ള പ്ലേ ഓഫ് സാധ്യതയുള്ളത്. റൺറേറ്റിൽ 16 പോയിന്റുള്ള ടീമുകളെ മറികടക്കുവാന്‍ അസാധ്യമായ മാര്‍ജിനിൽ ജയിച്ചാൽ മാത്രമേ ടീമിന് ഇപ്പോളുള്ള മോശം റൺ റേറ്റ് മെച്ചപ്പെടുത്തുവാനാകൂ.
കൊല്‍ക്കത്ത, പഞ്ചാബ്, സൺറൈസേഴ്സ് എന്നീ ടീമുകള്‍ ഇപ്പോള്‍ 12 പോയിന്റിലാണ് നില്‍ക്കുന്നത്. അവരുടെ നേരിയ പ്ലേ ഓഫ് സാധ്യതകള്‍ക്ക് അവര്‍ അവരുടെ മത്സരങ്ങള്‍ ജയിക്കുകയും ആര്‍സിബിയും ഡൽഹിയും അവരുടെ മത്സരങ്ങള്‍ പരാജയപ്പെടുകയും വേണം.
ഇതിൽ പഞ്ചാബും സൺറൈസേഴ്സും തമ്മിൽ ഗ്രൂപ്പിലെ അവസാന മത്സരം കളിക്കുന്നു എന്നതിനാൽ തന്നെ മറ്റു ഫലങ്ങള്‍ അനുകൂലമായാലും ഇതിൽ ഒരു ടീമിനാണ് പ്ലേ ഓഫ് സാധ്യതയുള്ളത്.
ഇന്ന് നടക്കുന്ന കൊല്‍ക്കത്ത ലക്നൗ മത്സരത്തിൽ കൊല്‍ക്കത്ത പരാജയപ്പെട്ടാൽ ടീം പ്ലേ ഓഫ് കാണാതെ പുറത്താകും. നാളെ ആര്‍സിബി ഗുജറാത്ത് മത്സരത്തിൽ ജയിച്ചാൽ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യത കൂടുമെങ്കിലും മറ്റു മത്സരങ്ങള്‍ അനുകൂലമാകാത്ത പക്ഷം റൺറേറ്റ് നിര്‍ണ്ണായകമാകും.
ചെന്നൈയാണ് രാജസ്ഥാന്റെ എതിരാളികള്‍. കനത്ത തോൽവിയില്ലെങ്കിലും രാജസ്ഥാന്‍ പ്ലേ ഓഫിൽ കടക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആര്‍സിബി, ഡൽഹി എന്നിവര്‍ വലിയ ജയം നേടിയാൽ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകും.
ഡൽഹിയ്ക്ക് മുംബൈയ്ക്കെതിരെയുള്ള മത്സരത്തിനിറങ്ങുമ്പോളുള്ള ആനുകൂല്യം എന്തെന്നാൽ ആര്‍സിബിയുടെ അവസാന കളിയും കഴിഞ്ഞ് പോയിന്റ് പട്ടികയിൽ കൂടുതൽ വ്യക്തത വന്നിട്ടുണ്ടാകും എന്നതാണ്.
ഗുജറാത്തിനെതിരെ ആര്‍സിബിയോ മുംബൈയ്ക്കെതിരെ ഡൽഹിയോ വിജയിച്ചാൽ സൺറൈസേഴ്സും പഞ്ചാബും തമ്മിലുള്ള അവസാന മത്സരം അപ്രസക്തമാകും.