ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവക്ക് അവിശ്വസനീയ ജയം. യുവന്റസിനെ ഒരു ഗോളിന് പിന്നിലായ ശേഷം അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകൾക്ക് ആണ് അവർ വീഴ്ത്തിയത്. ജയത്തോടെ 36 കളികളിൽ നിന്നു 28 പോയിന്റുകളും ആയി അവർ 19 സ്ഥാനത്ത് നിൽക്കുകയാണ്. ഒരു പോയിന്റ് വ്യത്യാസം മാത്രം ആണ് അവർക്ക് 17 സ്ഥാനക്കാരും ആയിട്ടുള്ളത് എന്നത് അവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം യുവന്റസ് നാലാം സ്ഥാനത്ത് തുടരുകയാണ്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് യുവന്റസ് ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ജെനോവ ആയിരുന്നു.
ആദ്യ പകുതിയിൽ മോയിസ് കീൻ സുവർണാവസരം പാഴാക്കുന്നത് കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ ആണ് ഗോൾ പിറന്നത്. ആദ്യ പകുതി തുടങ്ങിയ ഉടൻ തന്നെ കീനിന്റെ പാസിൽ നിന്നു അതുഗ്രൻ അടിയിലൂടെ പാബ്ലോ ഡിബാല യുവന്റസിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. സീരി എയിൽ നിലനിൽക്കാൻ മരിച്ചു കളിക്കുന്ന ജെനോവയെ ആണ് പിന്നീട് കണ്ടത്. 87 മത്തെ മിനിറ്റിൽ നാദിയം അമീരിയുടെ ത്രൂ ബോളിൽ നിന്നു ഗുഡുമുണ്ട്സൺ ആണ് ജെനോവയെ മത്സരത്തിൽ ഒപ്പം എത്തിച്ചത്. ഇഞ്ച്വറി സമയത്ത് അവസാന നിമിഷം കെൽവിൻ യെബോയെ ഡി സിജിലിയോ ബോക്സിൽ വീഴ്ത്തിയതോടെ റഫറി ജെനോവ പെനാൽട്ടി അനുവദിച്ചു. കഴിഞ്ഞ മത്സരത്തിൽ ഡാർബിയിൽ സാന്തോറിയക്ക് എതിരെ അവസാന നിമിഷം പെനാൽട്ടി പാഴാക്കിയ ഡൊമനിക്കോ ക്രിസിറ്റോ പക്ഷെ ഇത്തവണ 96 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ടു. അവസാന കിക്കിൽ നേടിയ ജയം ഭ്രാന്തമായി ആണ് ആരാധകരും ജെനോവ താരങ്ങളും പരിശീലകനും ആഘോഷിച്ചത്.