കേരളം ഇന്ന് സന്തോഷ് ട്രോഫി ഉയർത്തിയത് കേരളം ആകെ ആഘോഷിക്കുകയാണ്. ഈ തവണത്തെ സന്തോഷ് ട്രോഫി ഓർമ്മിക്കപ്പെടാൻ പോകുന്നത് വെറും കേരളം നേടിയ കിരീടത്തിന്റെ പേരിൽ മാത്രമാകില്ല. അതിനും മുകളിൽ ആകും കേരളം ഈ സന്തോഷ് ട്രോഫി ആഘോഷമാക്കി മാറ്റിയ കഥയുടെ ഓർമ്മയ്ക്ക്. പെരുന്നാൾ തലേന്ന് എല്ലാം മാറ്റിവെച്ച് ആയിരകണക്കിന് ആൾക്കാർ സ്റ്റേഡിയത്തിലും അതിന് പുറത്തും സംഘടിച്ചത് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മ തന്നെയാണ്.
റംസാൻ ആണ്, കോവിഡാണ്, ഉഷ്ണമാണ് എന്നിങ്ങനെ ആരാധകരെ ഗ്യാലറികളിൽ എത്തുന്നത് തടഞ്ഞേക്കാവുന്ന ഒരുപാട് കാരണങ്ങൾ മുന്നിൽ ഉണ്ടായിട്ടും കേരളം കണ്ട ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായി ഈ സന്തോഷ് ട്രോഫിക്ക് ഫൈനൽ വിസിൽ വിളിക്കുമ്പോൾ കയ്യടി ലഭിക്കേണ്ടത് സംഘാടകർക്ക് ആണ്. ഫുട്ബോളിനെ എന്തിനു മുകളിലും സ്നേഹിക്കുന്ന ആരാധകർക്ക് ഒപ്പം സംഘാടകരും കയ്യടി അർഹിക്കുന്നു.
കേരള ഫുട്ബോൾ അസോസിയേഷൻ സന്തോഷ് ട്രോഫിക്ക് എതിരായി നിന്നപ്പോൾ ആണ് കേരള ഗവൺമെന്റ് ഒറ്റയ്ക്ക് നിന്ന് ഈ ടൂർണമെന്റ് ഏറ്റെടുത്തതും വലിയ വിജയമാക്കിയതും. ജീവനില്ലാതെ കിടന്ന ഒരുപാട് മൈതാനങ്ങൾക്ക് ജീവശ്വാസമായും ഈ ടൂർണമെന്റ് മാറി. അത്രക്ക് ഗംഭീരമായിട്ടാണ് സര്‍ക്കാര്‍ ഈ ടൂര്‍ണമെന്‍റ് നടത്തിയത്. ഈ അടുത്തകാലത്തൊന്നും ഇന്ത്യയില്‍ ഇങ്ങനെ ഒരു ഫുട്ബോള്‍ ടൂർണമെന്റ് നടന്നിട്ടില്ല എന്നും പറയാം. കായിക മന്ത്രി വി അബ്ദുറഹ്മാൻ ആയിരുന്നു എല്ലാത്തിനും മുന്നിൽ ഉണ്ടായിരുന്നത്. അദ്ദേഹവും പ്രശംസ അർഹിക്കുന്നു. ഇനിയും പല വലിയ ടൂർണമെന്റുകളും കേരളത്തിലേക്ക് കൊണ്ടുവരാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. അങ്ങനെയെങ്കിൽ മുന്നിൽ ഉള്ളത് കേരള ഫുട്ബോളിന്റെ നല്ലകാലമാകും എന്ന് നിസ്സംശയം പറയാം.