യൂറോപ്പ ലീഗ് ആദ്യ പാദ സെമി ഫൈനലിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ അവരുടെ മൈതാനത്ത് വീഴ്ത്തി ഫ്രാങ്ക്ഫർട്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ജർമ്മൻ ക്ലബ് ഇംഗ്ലീഷ് ക്ലബിനെ വീഴ്ത്തിയത്. മത്സരത്തിൽ വെസ്റ്റ് ഹാമിനു ആയിരുന്നു കൂടുതൽ മുൻതൂക്കം. മത്സരം തുടങ്ങി 49 മത്തെ സെക്കന്റിൽ തന്നെ ഫ്രാങ്ക്ഫർട്ട് വെസ്റ്റ് ഹാമിനെ ഞെട്ടിച്ചു. റാഫേൽ ബോരെയുടെ ക്രോസിൽ നിന്നു അൻസ്ഗർ നൗഫ് ആണ് ജർമ്മൻ ക്ലബിന് ഗോൾ സമ്മാനിച്ചത്. തുടർന്ന് ഗോൾ തിരിച്ചടിക്കാനുള്ള ജെറോഡ് ബോവന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് വെസ്റ്റ് ഹാമിനു തിരിച്ചടിയായി. ഇരുപത്തിയൊന്നാം മിനിറ്റിൽ വെസ്റ്റ് ഹാം സമനില ഗോൾ കണ്ടത്തി.
ലാൻസിനിയുടെ ഫ്രീകിക്കിൽ നിന്നു കർട്ട് സൂമ നൽകിയ പാസിൽ നിന്നു മിഖായേൽ അന്റോണിയോ ആണ് വെസ്റ്റ് ഹാമിനു സമനില ഗോൾ സമ്മാനിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ജർമ്മൻ ക്ലബ് ഒരിക്കൽ കൂടി മുൻതൂക്കം കരസ്ഥമാക്കി. സീസണിൽ യൂറോപ്പ ലീഗിൽ തന്റെ അഞ്ചാമത്തെ ഗോൾ നേടിയ ദയിച്ചി കമാദയാണ് ഫ്രാങ്ക്ഫർട്ടിനു വിജയഗോൾ സമ്മാനിച്ചത്. ഓഫ് സൈഡ് സംശയം ഉണ്ടായിരുന്നു എങ്കിലും റീ ബൗണ്ടിൽ നിന്നു ഗോൾ വരക്കു തൊട്ടു മുമ്പിൽ നിന്നു താരം നേടിയ ഗോൾ അനുവദിക്കപ്പെടുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ 92 മത്തെ മിനിറ്റിൽ ഡക്ലൻ റൈസിന്റെ ക്രോസിൽ നിന്നു ഓവർ ഹെഡ് കിക്കിലൂടെ ഗോൾ നേടാനുള്ള ജെറോഡ് ബോവന്റെ ശ്രമം ഇത്തവണ ബാറിൽ തട്ടി മടങ്ങിയതോടെ വെസ്റ്റ് ഹാം പരാജയം സമ്മതിച്ചു. അടുത്ത ആഴ്ചയാണ് രണ്ടാം പാദ സെമിഫൈനൽ.