മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ മുന്നേറ്റനിര താരം ഗബ്രിയേൽ ജീസസിനെ ടീമിൽ എത്തിക്കാൻ ആഴ്സണൽ ശ്രമിക്കുന്നത് ആയി റിപ്പോർട്ടുകൾ. അടുത്ത വർഷം വരെ മാത്രം മാഞ്ചസ്റ്റർ സിറ്റിയും ആയി കരാറുള്ള താരം ഈ സീസണിന്റെ അവസാനം ക്ലബ് വിട്ടേക്കും എന്നാണ് സൂചന. നേരത്തെ തന്നെ താരത്തിന്റെ ടീമും ആയി ആഴ്സണൽ ഫുട്ബോൾ ഡയറക്ടറും മുൻ ബ്രസീലിയൻ താരവും ആയ എഡു ചർച്ചകളിൽ ഏർപ്പെട്ടു എന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ജീസസിനെ ടീമിൽ നിലനിർത്താൻ ഗാർഡിയോള ഉദ്ദേശിക്കുന്നില്ല എന്നതിനാൽ തന്നെ താരത്തെ തങ്ങളുടെ മുന്നേറ്റ നിരയിലേക്ക് കൊണ്ടു വരാൻ ആണ് ആഴ്സണൽ ശ്രമം. മുൻ മാഞ്ചസ്റ്റർ സിറ്റി സഹ പരിശീലകൻ ആയ ആഴ്സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും ഗബ്രിയേൽ ജീസസിൽ തൃപ്തനാണ്. 25 കാരനായ താരത്തെ നിലവിൽ ടീമിൽ എത്തിക്കാൻ ആയില്ല എങ്കിൽ അടുത്ത സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ടീമിൽ എത്തിക്കാം എന്നും ആഴ്സണൽ കരുതുന്നുണ്ട്. ഹാളിണ്ടിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന സിറ്റി താരത്തെ വിൽക്കാൻ തന്നെയാണ് സാധ്യത. 2023 ൽ ക്ലബും ആയി കരാർ കഴിയുന്ന ജീസസ് ഈ സീസണിൽ 34 കളികളിൽ നിന്നു 7 ഗോളുകളും 11 അസിസ്റ്റുകളും നേടിയിരുന്നു.