താനൊരിക്കലും തന്റെ മകന് ക്രിക്കറ്റിൽ പിന്തുണ നല്‍കിയിട്ടില്ല – കുൽദീപ് സെന്നിന്റെ പിതാവ്

Sports Correspondent

രാജസ്ഥാന്‍ റോയൽസിന്റെ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള 3 റൺസ് വിജയത്തിൽ നിര്‍ണ്ണായകമായി മാറിയത് അരങ്ങേറ്റക്കാരന്‍ കുൽദീപ് സെന്‍ എറിഞ്ഞ അവസാന ഓവറായിരുന്നു. ഓവറിൽ നിന്ന് 15 റൺസായിരുന്നു ലക്നൗവിന് വിജയത്തിനായി വേണ്ടിയിരുന്നത്.

എന്നാൽ വെടിക്കെട്ട് ബാറ്റ്സ്മാന്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ കാഴ്ചക്കാരനാക്കി മാറ്റിയപ്പോള്‍ ആദ്യ നാല് പന്തിൽ 1 റൺസ് മാത്രമാണ് കുല്‍ദീപ് വഴങ്ങിയത്. അവസാന രണ്ട് പന്തിൽ ഒരു ഫോറും സിക്സും മാര്‍ക്കസ് നേടിയെങ്കിലും മത്സരം അപ്പോളേക്കും സഞ്ജുവിന്റെയും സംഘത്തിന്റെയും കൈകളിലെത്തിയിരുന്നു.

താന്‍ തന്റെ മകനെ ഒരിക്കലും അവന്റെ പാഷന്‍ പിന്തുടരുവാന്‍ സഹായിച്ചിരുന്നില്ലെന്നാണ് താരത്തിന്റെ പിതാവ് രാം പാൽ പറയുന്നത്. താന്‍ മകനെ എന്നും ശകാരിക്കുമായിരുന്നുവെന്നും സ്കൂളിലായിരുന്നപ്പോള്‍ ക്രിക്കറ്റ് കളിച്ചതിന് മകനെ തല്ലിയ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അവന്‍ ഒരിക്കലും അവന്റെ സ്വപ്നങ്ങളെ കൈവിട്ടില്ലെന്നും ഇന്ന് തന്റെ മകനെയോര്‍ത്ത് തനിക്ക് അഭിമാനം തോന്നുന്നുവെന്നും ആ പിതാവ് കൂട്ടിചേര്‍ത്തു.