അവസാന മത്സരത്തില്‍ ലിഫയെ 4-1ന് തോല്‍പ്പിച്ചു
കൊച്ചി: രാംകോ കേരള പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനക്കാരില്‍ നിന്ന് ഒരുപടി കൂടി കയറി ഫിനിഷ് ചെയ്ത് എം.എ ഫുട്‌ബോള്‍ അക്കാദമി. വ്യാഴാഴ്ച പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ലിഫയെ 4-1ന് തോല്‍പ്പിച്ചാണ് ടീം അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കിയത്. ലീഗിലെ രണ്ടാം ജയത്തോടെ ഇതുവരെ 11 സ്ഥാനത്തായിരുന്ന എംഎ അക്കാദമി 7 പോയിന്റുമായി പത്താമതായി ഫിനിഷ് ചെയ്തു. പത്തില്‍ ഒരു മത്സരം മാത്രം ജയിക്കാനായ ലിഫ നാലു പോയിന്റുമായി 11ാം സ്ഥാനത്തേക്ക് വീണു. ഗ്രൂപ്പില്‍ നിന്ന് എംഎയും, കേരള ബ്ലാസ്റ്റേഴ്‌സും നേരത്തെ തരംതാഴ്ത്തപ്പെട്ടിരുന്നു. കോര്‍പറേറ്റ് എന്‍ട്രി ആയതിനാല്‍ ലിഫയ്ക്ക് രണ്ടു വര്‍ഷത്തേക്ക് തരംതാഴ്ത്തല്‍ നടപടി നേരിടേണ്ടിവരില്ല.
അവസാന മത്സരത്തിന്റെ 26ാം മിനിറ്റില്‍ തന്നെ നവീന്‍ രഘുവിലൂടെ എം.എ ലീഡെടുത്തു. എന്നാല്‍ നാലു മിനിറ്റിനകം ബെബിറ്റോയിലൂടെ ലിഫ തിരിച്ചടിച്ചു. തുല്യരായി ഇരുടീമുകളും ആദ്യപകുതി പൂര്‍ത്തിയാക്കി. രണ്ടാം പകുതിയില്‍ എംഎയുടെ മുന്നേറ്റങ്ങളെ ചെറുക്കാന്‍ ലിഫയ്ക്കായില്ല. 66ാം മിനിറ്റില്‍ അസ്‌ലം അലിയിലൂടെ വീണ്ടും മുന്നിലെത്തിയ എം.എ അക്കാദമി, പകരക്കാരനായി എത്തിയ എം.എം വൈശാഖിന്റെ ഇരട്ടഗോളിലൂടെ (86, 90) സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. ലിഫയുടെ മുന്നേറ്റങ്ങളെ സമര്‍ഥമായി തടഞ്ഞ പ്രതിരോധ താരം കെ.മുഹമ്മദ് ഫൈസലാണ് കളിയിലെ താരം.