കായിക മന്ത്രി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു

മഞ്ചേരി; സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു. രാവിലെ 9.00 മണിക്ക് സ്റ്റേഡിയത്തിലെത്തിയ മന്ത്രി സ്റ്റേഡിയത്തിലെ പ്രവര്‍ത്തികള്‍ പരിശോധിച്ചു. സന്ദര്‍ശന സമയത്ത് എ.ഐ.എഫ്.എഫ് കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വറിനോട് ചാമ്പ്യന്‍ഷിപ്പിന്റെ വേദികളുടെ പ്രവര്‍ത്തികളെ കുറിച്ച് മന്ത്രി ചോദിച്ചു. സ്‌റ്റേഡിയത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തികളില്‍ തൃപ്തി അറിയിച്ച രാഹുല്‍ പരേശ്വര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കൂട്ടിചേര്‍ത്തു. താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഒരുക്കിയ അക്കൊമൊഡേഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയും പരിശോധിച്ചെന്നും താന്‍ പൂര്‍ണതൃപ്തനാണെന്നും രാഹുല്‍ അറിയിച്ചു.
Img 20220407 Wa0062
അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയമാണ് പയ്യനാട്. സന്തോഷ് ട്രോഫിക്ക് ശേഷവും അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ ഇവിടെ വച്ച് സംഘടിപ്പിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.

മത്സരം കാണനെത്തുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് പ്രത്യേക യാത്ര സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. രാത്രി മത്സരം നടക്കുന്നത്‌കൊണ്ട് മത്സരശേഷം ആരാധകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചെത്താന്‍ വേണ്ടിയാണ് സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍, വണ്ടൂര്‍, തിരൂര്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. Img 20220407 Wa0063

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, ഡി.വൈ.എസ്.പി. ബിജു കെ.എം.,കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധികളായ കെ.പി. അനില്‍, പി. ജനാര്‍ദനന്‍, എക്‌സിക്യൂറ്റീവ് അംഗങ്ങളായ കെ. അബ്ദുല്‍ നാസര്‍, ഹൃഷിക്കേഷ് കുമാര്‍ മറ്റു ജനപ്രതിനിധികള്‍, സംഘാടക സമിതി അംഗങ്ങള്‍, കായിക പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.