ഐ ലീഗ് കിരീടത്തിനായി പോരാടുന്ന മൊഹമ്മദൻസ് അവരുടെ അറ്റാക്കിന്റെ ശക്തി കൂട്ടുന്നു. ഉഗാണ്ടൻ സ്ട്രൈക്കർ ആയ ഹെൻറി കിസേകയെ അവർ സ്വന്തമാക്കി. മുമ്പ് ഗോകുലം കേരളയുടെ സ്ട്രൈക്കർ ആയിരുന്നു ഹെൻറി കിസേക. ഗോകുലത്തിൽ തന്റെ സഹ സ്ട്രൈക്കർ ആയിരുന്ന മാർക്കസ് ജോസഫുമായി ഹെൻറി കിസേക മൊഹമ്മദൻസിൽ ഒരുമിക്കും. ഇപ്പോൾ മൊഹമ്മദൻസ് ആണ് ഐലീഗിൽ ഒന്നാമത് ഉള്ളത്.
അവസാനമായി കൊൽക്കത്തൻ ക്ലബായ ഭവാനിപൂരിലായിരുന്നു കിസേക കളിച്ചിരുന്നത്. രണ്ട് തവണയായി രണ്ട് സീസണുകളിൽ ഗോകുലം കേരള ജേഴ്സി അണിഞ്ഞ താരമാണ് കിസേക. ക്ലബിന്റെ ഡ്യൂറണ്ട് കപ്പ് വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
2017-18 സീസണിലായിരുന്നു ഗോകുലം എഫ് സിയിലേക്ക് ആദ്യ കിസേക എത്തുന്നത്. ആദ്യ സീസണിൽ വൻ ടീമുകളെ ഒക്കെ ഗോകുലം ഞെട്ടിച്ചപ്പോൾ ഒക്കെ ഗോളുമായി ഹെൻറി കിസേക തിളങ്ങിയിരുന്നു. ആ സീസണിൽ ലീഗിൽ വെറും ഏഴു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും രണ്ട് അസിസ്റ്റും കിസേക നേടിയിരുന്നു. അതു കഴിഞ്ഞ് ഒരു സീസണിൽ മോഹൻ ബഗാനു വേണ്ടിയും കിസേക കളിച്ചിരുന്നു. മുമ്പ് ഉഗാണ്ടൻ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് കിസേക്ക.