മിയാമി ഓപ്പണിൽ ഫൈനലിലേക്ക് മുന്നേറി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ. പതിനാലാം സീഡ് ആയ അൽകാരസ് സെമിയിൽ എട്ടാം സീഡ് ആയ നിലവിലെ ജേതാവ് ഉമ്പർട്ട് ഹുർകാഷിനെ ആണ് മറികടന്നത്. രണ്ടു സെറ്റുകളും ടൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിൽ ഇരു താരങ്ങൾക്കും സർവീസ് ബ്രൈക്ക് നേടാൻ ആയില്ല. 13 ഏസുകൾ ഉതിർത്ത ഹുർകാഷിനെതിരെ 3 ഏസുകൾ ആണ് അൽകാരസ് ഉതിർത്തത്. 7-6, 7-6 എന്ന സ്കോറിന് സെമിയിൽ ജയം കണ്ട അൽകാരസിന് ഇത് കരിയറിലെ ആദ്യ 1000 മാസ്റ്റേഴ്സ് ഫൈനൽ ആണ്. 1000 മാസ്റ്റേഴ്സ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് 18 വയസ്സും 333 ദിവസവും പ്രായമുള്ള അൽകാരസ്.
ആദ്യ സെമി ഫൈനലിൽ ആറാം സീഡും ലോക എട്ടാം നമ്പറും ആയ കാസ്പർ റൂഡ് അർജന്റീനയുടെ ഫ്രാൻസിസ്കോ സെരുണ്ടോലയെ തോൽപ്പിച്ചു ഫൈനലിലേക്ക് മുന്നേറി. കരിയറിലെ ആദ്യ 1000 മാസ്റ്റേഴ്സ് ഫൈനൽ ആണ് നോർവെ താരത്തിന് ഇത്. കളിമണ്ണിൽ മികവ് കാട്ടുന്ന റൂഡിന്റെ ആദ്യ മാസ്റ്റേഴ്സ് ഫൈനൽ തന്നെ ഹാർഡ് കോർട്ടിൽ ആണ് എന്നതും ശ്രദ്ധേയമാണ്. 6-4, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് റൂഡ് ജയം കണ്ടത്. ആറു ഏസുകൾ മത്സരത്തിൽ ഉതിർത്ത റൂഡ് ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണയാണ് അർജന്റീന താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തത്.