പോർച്ചുഗൽ ലോകകപ്പ് ഫൈനലിന് ഉണ്ടാകും. ഇന്ന് പ്ലേ ഓഫ് ഫൈനൽ വിജയിച്ച് കൊണ്ട് അവർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. മാസിഡോണിയ ഉയർത്തിയ വെല്ലുവിളിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നാണ് പോർച്ചുഗൽ ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. പ്ലേ ഓഫ് സെമി ഫൈനലിൽ പോർച്ചുഗീസ് പട തുർക്കിയെയും മറികടന്നിരുന്നു. ഇറ്റലിയെ തോൽപ്പിച്ച മാസിഡോണൊയക്ക് ഇന്ന് പോർച്ചുഗലിന് വലിയ വെല്ലുവിളി ഉയർത്താൻ ആയില്ല.
ഇന്ന് ആദ്യ പകുതിയിൽ പോർച്ചുഗലിന്റെ പൂർണ്ണ ആധിപത്യം ആണ് കണ്ടത്. ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ പോർച്ചുഗൽ സൃഷ്ടിച്ചു. 32ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചേർന്ന് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ ഫെർണാണ്ടസാണ് പോർച്ചുഗലിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം ജോടയ്ക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും മുതലെടുക്കാൻ ലിവർപൂൾ താരത്തിനായില്ല.
രണ്ടാം പകുതിയിൽ വീണ്ടും ബ്രൂണോ തന്നെ പോർച്ചുഗലിനായി വല കുലുക്കി. 66ആം മിനുട്ടിൽ ഒരു കൗണ്ടറിന് ഒടുവിൽ ജോട നൽകിയ മനോഹരമായ പാസ് ബ്രൂണോ ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. പോർച്ചുഗൽ 2-0ന് മുന്നിൽ. ഈ ഗോളോടെ മാസിഡോണിയയുടെ പോരാട്ടം അവസാനിച്ചു. ലീഡ് ഉയർത്താൻ പോർച്ചുഗലിന് പിന്നീടും അവസരം ലഭിച്ചിരുന്നു എങ്കിലും 2-0 തന്നെ കളി അവസാനിച്ചു.