ഖത്തറിൽ സ്ലാട്ടനില്ല ലെവയുണ്ട്! സ്വീഡനെ വീഴ്ത്തി പോളണ്ട് ലോകകപ്പിലേക്ക്

ലോകകപ്പ് യോഗ്യത പ്ലെ ഓഫിൽ സ്വീഡനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു പോളണ്ട് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി. മത്സരത്തിൽ കൂടുതൽ നേരം കൈവശം വച്ചത് സ്വീഡൻ ആയിരുന്നു എങ്കിലും അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് പോളണ്ട് ആയിരുന്നു. സ്വീഡന്റെ പെനാൽട്ടി അപ്പീൽ നിരസിച്ച റഫറി പക്ഷെ രണ്ടാം പകുതിയിൽ പോളണ്ടിനു പെനാൽട്ടി അനുവദിച്ചു. ക്രജിയോവകിയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട റോബർട്ട് ലെവൻഡോൻസ്കി പോളണ്ടിനു മുൻതൂക്കം സമ്മാനിച്ചു.

20220330 015958

തുടർന്ന് ഗോൾ തിരിച്ചടിക്കാൻ സ്വീഡൻ ശ്രമിച്ചു എങ്കിലും 72 മത്തെ മിനിറ്റിൽ പോളണ്ട് രണ്ടാം ഗോൾ സ്വന്തമാക്കി. പിയോറ്റർ സിലൻസ്കി രണ്ടാം ഗോൾ നേടിയതോടെ പോളണ്ട് ലോകകപ്പ് യോഗ്യതക്ക് അടുത്തു. മത്സരത്തിൽ ഗോൾ തിരിച്ചടിക്കാൻ അവസാന നിമിഷങ്ങളിൽ സ്വീഡൻ സ്ലാട്ടൻ ഇബ്രമോവിച്ചിനെ ഇറക്കിയെങ്കിലും പോളണ്ട് വിട്ടു കൊടുത്തില്ല. ഒടുവിൽ 2-0 ന്റെ ജയവുമായി പോളണ്ട് ഖത്തർ ലോമകപ്പിലേക്ക് ടിക്കറ്റ് എടുത്തപ്പോൾ വീണ്ടും ഒരു ലോകകപ്പ് കളിക്കുക എന്ന സ്ലാട്ടന്റെ സ്വപ്നം അവസാനിച്ചു. 1991 നു ശേഷം ഇത് ആദ്യമായാണ് പോളണ്ട് സ്വീഡനെ തോൽപ്പിക്കുന്നത്.