രാജസ്ഥാന്‍ റോയൽസിന്റെ കൂറ്റന്‍ സ്കോറായ 210 റൺസ് ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സിന് നാണംകെട്ട തോൽവി. ഇന്ന് 20 ഓവറിൽ 149 റൺസാണ് ടീം 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഇതോടെ 61 റൺസിന്റെ വിജയം രാജസ്ഥാന്‍ സ്വന്തമാക്കി.
പ്രസിദ്ധ് കൃഷ്ണയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും ഓപ്പണിംഗ് സ്പെല്ലിൽ തന്നെ താളം തെറ്റിയ സൺറൈസേഴ്സിന് ചഹാല്‍ കൂടി എത്തിയതോടെ കൂടുതൽ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതാണ് കാണാനായത്.
40 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദര്‍, 24 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും 57 റൺസ് നേടി എയ്ഡന്‍ മാര്‍ക്രവും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പൊരുതി നിന്നത്. ചഹാല്‍ മൂന്നും പ്രസിദ്ധ് രണ്ടും വിക്കറ്റാണ് മത്സരത്തിൽ നേടിയത്. സൺറൈസേഴ്സിനായി വാഷിംഗ്ടൺ സുന്ദര്‍ കോള്‍ട്ടര്‍-നൈൽ എറിഞ്ഞ 17ാം ഓവറിൽ 24 റൺസ് നേടി സ്കോര്‍ നൂറ് കടത്തി സഹായിക്കുകയായിരുന്നു. ഒരു സിക്സും നാല് ഫോറുമാണ് വാഷിംഗ്ടൺ സുന്ദര്‍ നേടിയത്.
ഏഴാം വിക്കറ്റിൽ മാര്‍ക്രം – സുന്ദര്‍ കൂട്ടുകെട്ട് 19 പന്തിൽ നിന്ന് 55 റൺസാണ് നേടിയത്. 14 പന്തിൽ 40 റൺസ് നേടി വാഷിംഗ്ടൺ സുന്ദര്‍ ട്രെന്റ് ബോള്‍ട്ടിന് രണ്ടാം വിക്കറ്റ് നല്‍കി മടങ്ങി. മാര്‍ക്രം പുറത്താകാതെ 41 പന്തിൽ 57 റൺസുമായി നിന്നാണ് സൺറൈസേഴ്സിന്റെ തോൽവിയുടെ ഭാരം കുറച്ചത്.