മലപ്പുറം: 75 ാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം എന്നിവ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. എ.ഐ.എഫ്.എഫ്. കോമ്പറ്റീഷന് മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധി ആന്‍ഡ്രൂര്‍ എന്നിവരാണ് സ്റ്റേഡിയങ്ങള്‍ പരിശോധിച്ചത്.
രാവിലെ 9.30 ന് പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയമായിരുന്നു ആദ്യ സന്ദര്‍ശിച്ചത്. നിലവിലെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച എ.ഐ.എഫ്.എഫ് സംഘം ചില അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിച്ചു. കോര്‍ണര്‍ ഫ്ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ അവശ്യമായ സ്റ്റാന്റ് നിര്‍മാണം, മീഡിയ റൂമിന്റെ സൗകര്യം വര്‍ദ്ധിപ്പിക്കല്‍, നിലവിലെ ഫ്ളഡ് ലൈറ്റുകളുടെ നവീകരണം, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് എ.ഐ.എഫ്.എഫ്. പ്രതിനിധികള്‍ നിര്‍ദേശിച്ചത്. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 10 നകം സ്റ്റേഡിയം എ.ഐ.എഫ്.എഫിന് കൈമാറണമെന്നും അറിയിച്ചു.
പയ്യാനാട് സ്റ്റേഡിയത്തിന്റെ പരിശോധനക്ക് ശേഷം കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി. പുല്ലുകളുടെ പരിപാലനങ്ങളില്‍ തൃപ്തി അറിയിച്ച സംഘം പെയ്ന്റിങ് പ്രവര്‍ത്തനങ്ങളും ഫെന്‍സിംങ് മാറ്റിസ്ഥാപിക്കലും വേഗത്തിലാക്കണമെന്ന് അറിയിച്ചു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ക്ലീനിംങ് പ്രവര്‍ത്തിയും വേഗത്തിലാക്കാനും നിര്‍ദേശിച്ചു.
ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ക്ക് പുറമെ പരിശീലന ഗ്രൗണ്ടുകളും പരിശോധിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് മറ്റൊരു ദിവസത്തേക്ക് മാറ്റി. സ്റ്റേഡിയങ്ങളുടെ പരിശോധനകള്‍ക്ക് പുറമെ താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും സംഘം പരിശോധിച്ചു.
എ.ഐ.എഫ്.എഫ് സംഘങ്ങള്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, എക്സിക്യൂറ്റീവ് അംഗങ്ങളായ ഹൃഷികേശ് കുമാര്‍ പി, കെ. അബ്ദുല്‍ നാസര്‍, സി. സുരേശ്, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധി മുഹമ്മദ് സലിം എം, മലപ്പുറം ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി. അഷ്റഫ്, സെക്രട്ടറി പി.എം. സുധീര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.