വളർത്തു പൂച്ചകൾക്ക് എതിരായ ആക്രമണത്തിൽ വലിയ വിമർശനം നേരിടുന്ന വെസ്റ്റ് ഹാം താരം കർട്ട് സൗമ വിഷയത്തിൽ പ്രതികരണവും ആയി സഹ താരം മിഖേൽ അന്റോണിയോ. നിലവിൽ പൂച്ചകളെ ആക്രമിച്ച ഫ്രഞ്ച് താരത്തിന്റെ കരാർ അഡിഡാസ് റദ്ദാക്കിയതിനു പുറകെ ക്ലബ് താരത്തിന് എതിരെ വലിയ പിഴ ശിക്ഷ വിധിച്ചിരുന്നു. കൂടാതെ താരത്തെ കഴിഞ്ഞ മത്സരത്തിൽ കളിപ്പിച്ചതിനു വെസ്റ്റ് ഹാമും ആയുള്ള കരാർ ‘വൈറ്റാലിറ്റി’ റദ്ദ് ചെയ്തിരുന്നു. ഈ അവസരത്തിൽ ആണ് ഫുട്‌ബോളിലെയും സമൂഹത്തിലെയും ഇരട്ട താപ്പുകൾക്ക് എതിരെ അന്റോണിയോ തുറന്നടിച്ചത്. നിലവിൽ പല കോണിൽ നിന്നും വലിയ വിമർശനം ആണ് സൗമ നേരിടുന്നത്. താൻ ഒരു തരത്തിലും സൗമ ചെയ്തത് ന്യായീകരിക്കുന്നില്ലന്നും അതിനെ എതിർക്കുന്നു എന്നും പറഞ്ഞ അന്റോണിയോ എന്നാൽ താരം ചെയ്തത് വംശീയ അധിക്ഷേപത്തെക്കാൾ വലിയ പാതകമാണോ എന്നു തിരിച്ചു ചോദിച്ചു.
വംശീയ അധിക്ഷേപം നടത്തി എന്നു തെളിഞ്ഞ ശേഷം ഫുട്‌ബോൾ കളിക്കുന്ന എത്ര താരങ്ങൾ ആണ് നിലവിൽ ഉള്ളത് എന്നു ചോദിച്ച അന്റോണിയോ അവർക്ക് പലപ്പോഴും ചില മത്സരങ്ങൾക്ക് വിലക്ക് അല്ലാതെ മറ്റ് എന്ത് ശിക്ഷയാണ് ലഭിക്കുന്നത് എന്നും ചോദിച്ചു. വംശീയ അധിക്ഷേപങ്ങൾ നടത്തിയ ശേഷം ഫുട്‌ബോൾ കളിക്കുന്ന താരങ്ങൾ ഉള്ള ലോകത്ത് സൗമയെ നിരോധിക്കണം എന്ന ആവശ്യം ബാലിശമാണ് എന്നു അന്റോണിയോ തുറന്നടിച്ചു. അതിനാൽ തന്നെ സൗമ ചെയ്ത തെറ്റ് വംശീയ അധിക്ഷേപം നടത്തിയ താരങ്ങൾ ചെയ്തതിനാൽ വലിയ തെറ്റ് ആണോ എന്ന് ആലോചിച്ചു നോക്കണം എന്നും അന്റോണിയോ പറഞ്ഞു. ഇരട്ടതാപ്പ് ചൂണ്ടിക്കാണിച്ച അന്റോണിയോ പക്ഷെ ഈ സംഭവത്തെ വംശീയ അധിക്ഷേപവും ആയി കൂട്ടിക്കെട്ടിയത് ശരിയല്ല എന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം സൗമ പൂച്ചകളെ ചവിട്ടുന്നത് ചിത്രീകരിച്ച സഹോദരൻ യോണിനെ താരത്തിന്റെ ക്ലബ് ആയ ഡാഗ്നാം റെഡ് ബ്രിഡ്ജ് സസ്‌പെന്റ് ചെയ്തു.