ഹൈദരാബാദ്, 03 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ സീസണിനായി ഒരുങ്ങി ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയം. പ്രതിഭാധനരായ താരങ്ങള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ രാജ്യത്തെ വോളിബോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. കാലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് എന്നീ ഏഴ് ടീമുകളാണ് പ്രഥമ റുപേ പ്രൈം വോളി ലീഗ് കിരീടത്തിനായി മത്സരിക്കുന്നത്. 2022 ഫെബ്രുവരി 5ന് തുടങ്ങുന്ന മത്സരങ്ങള്‍ ഫെബ്രുവരി 27 വരെ നീളും. ശക്തമായ ബയോ ബബിൾ വലയത്തിലാണ് മത്സരങ്ങള്‍ നടക്കുക. കോവിഡ് 19 പ്രതിരോധത്തിനുള്ള എല്ലാ സുരക്ഷാ നടപടികളും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 5ന് ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. ആകെ 24 മത്സരങ്ങളാണുള്ളത്. എല്ലാ ടീമുകളും ഓരോ തവണ പരസ്പരം മത്സരിക്കും. ലീഗ് റൗണ്ടില്‍ ആദ്യ നാലിലെത്തുന്ന ടീമുകള്‍ സെമിഫൈനലിന് യോഗ്യത നേടും. 2022 ഫെബ്രുവരി 24നും, ഫെബ്രുവരി 25നുമാണ് നോക്കൗട്ട് മത്സരങ്ങള്‍ നടക്കുക. 2021 ഡിസംബര്‍ 14ന് കൊച്ചിയില്‍ നടന്ന പിവിഎല്‍ ലേലത്തില്‍ എല്ലാ ടീമുകളും അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം പരിചയസമ്പന്നരായ താരങ്ങളെയും യുവ താരങ്ങളെയും തുല്യതയോടെ ടീമിലെത്തിച്ചതിനാല്‍ റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അത്യാവേശം നിറയുന്ന മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.
ഇന്ത്യന്‍ വോളിബോളില്‍ മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തെ തന്നെ വലിയൊരു മാമാങ്കത്തിന് നിമിഷങ്ങള്‍ മാത്രം അകലെയാണ് തങ്ങളെന്ന്
രാജ്യത്ത് വോളിബോള്‍ ആവേശം പടരുന്നതിന് മുന്നോടിയായി സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. നിരവധി പ്രതിഭാധനരായ വോളിബോള്‍ താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം നല്‍കാന്‍ ഞങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്, അതിനാല്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഞങ്ങള്‍ അത്യാവേശത്തിലാണ്. മത്സര സമയത്ത് എല്ലാ താരങ്ങളും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2022 ഫെബ്രുവരി 5 മുതല്‍ സോണി ടെന്‍ 1, സോണി ടെന്‍ 2 (മലയാളം), സോണി ടെന്‍ 3 (ഹിന്ദി), സോണി ടെന്‍ 4 (തമിഴ്, തെലുങ്ക്) എന്നിവയില്‍ എക്‌സ്‌ക്ലൂസീവായി പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാം. രാജ്യത്തെ മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിനാണ് വിപണന അവകാശം. റുപേയാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍. ഫാന്റസി ഗെയിംസ് രംഗത്തെ മുന്‍നിരക്കാരായ എ23 ലീഗിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായും ബഹുവര്‍ഷ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ബൈജൂസ്, ക്രെഡ്, ദഫ ന്യൂസ്, ഈറ്റ്ഫിറ്റ്, അമൂല്‍ കൂള്‍, നിപ്പോണ്‍ പെയിന്റ് എന്നിവര്‍ അസോസിയേറ്റ് സ്‌പോണ്‍സര്‍മാരായും കോസ്‌കോ, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നിവര്‍ ഔദ്യോഗിക പാര്‍ട്ണര്‍മാരായും റുപേപ്രൈം വോളിബോള്‍ ലീഗുമായി സഹകരിക്കുന്നുണ്ട്. ഷെയര്‍ചാറ്റും മോജുമാണ് ഔദ്യോഗിക ഉള്ളടക്ക പങ്കാളികള്‍.