ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനു സമനില. 1-1നാണ് ഇക്വഡോർ ബ്രസീലിനെ സമനിലയിൽ തളച്ചത്. രണ്ട് ചുവപ്പ് കാർഡുകൾ കണ്ട മത്സരത്തിൽ ‘വാർ’ ആണ് ബ്രസീലിന്റെ രക്ഷക്ക് എത്തിയത്. ഇന്നത്തെ മത്സരത്തിൽ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ തോൽവിയറിയാതെ ബ്രസീൽ 31 മത്സരങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
മത്സരത്തിൽ ബ്രസീൽ ഗോൾ കീപ്പർ അലിസണ് റഫറി രണ്ട് തവണ ചുവപ്പ് കാർഡ് കാണിച്ചെങ്കിലും 2 തവണയും ‘വാർ’ ബ്രസീലിന്റെ രക്ഷക്കെത്തുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഇക്വഡോറിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചെങ്കിലും ‘വാർ’ ഇടപെട്ട് അത് തടയുകയും ചെയ്തു.
മത്സരം തുടങ്ങി ആറാം മിനുറ്റിൽ തന്നെ ബ്രസീൽ കസെമിറോയുടെ ഗോളിൽ മുൻപിലെത്തി. തുടർന്ന് അധികം വൈകാതെ ഇക്വഡോർ ഗോൾ കീപ്പർ അലക്സാണ്ടർ ഡൊമിൻഗ്വസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. എന്നാൽ അധികം താമസിയാതെ ബ്രസീൽ താരം എമേഴ്സൺ റോയാലും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി.
ശേഷം രണ്ടാം പകുതിയിൽ ഫെലിക്സ് ടോറസിലൂടെ ഇക്വഡോർ സമനില ഗോൾ നേടുകയായിരുന്നു. ഇക്വഡോറിന് അനുകൂലമായി ലഭിച്ച രണ്ട് പെനാൽറ്റികൾ വാർ ഇടപെട്ട് തടഞ്ഞതും അവർക്ക് തിരിച്ചടിയായി. ഇതിൽ ഒന്ന് മത്സരം തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു.