കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ട ക്ഷീണത്തിൽ നിന്ന് കരകയറാൻ ആകാതെ മുംബൈ സിറ്റി. ഇന്ന് വീണ്ടും മുംബൈ സിറ്റി പരാജയപ്പെട്ടു. ഒട്ടും ഫോമിൽ ഇല്ലാതിരുന്ന ബെംഗളൂരു എഫ് സി ആണ് മുംബൈ സിറ്റിയെ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു ബെംഗളൂരു എഫ് സിയുടെ വിജയം. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് ബെംഗളൂരു എഫ് സി മുന്നിൽ എത്തിയിരുന്നു. തുടക്കം മുതൽ ഇന്ന് ബെംഗളൂരു എഫ് സിയുടെ ആധിപത്യം ആണ് കാണാൻ ആയത്.
ഇന്ന് കളിയുടെ എട്ടാം മിനുട്ടിൽ ഫറൂഖ് ആണ് ഒരു ഗംഭീര സ്ട്രൈക്കിലൂടെ ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകിയത്. 23ആം മിനുട്ടിൽ ഇബാരയുടെ ഹെഡർ ബെംഗളൂരു ലീഡ് ഇരട്ടിയാക്കി. റോഷന്റെ ക്രോസ് ആണ് ഇബാഫ വലയിൽ എത്തിച്ചത്. 45ആം മിനുട്ടിൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇത്തവണ റോഷന്റെ കോർണർ ആണ് ഇബാര ഗോളാക്കി മാറ്റിയത്.
കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടത് മുതൽ ഇങ്ങോട്ട് അഞ്ച് മത്സരങ്ങൾ മുംബൈ സിറ്റിക്ക് വിജയിക്കാൻ ആയില്ല. മുംബൈ സിറ്റി ഇപ്പോൾ 17 പോയിന്റുമായി രണ്ടാമത് തന്നെ നിൽക്കുന്നു. ബെംഗളൂരു 13 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി.