പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വമ്പന്മാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു. ചെൽസിയും ലിവർപൂളും 2 ഗോൾ വീതം അടിച്ചാണ് പിരിഞ്ഞത്. സ്റ്റാം ഫോർഡ് ബ്രിഡ്ജിൽ തുടർച്ചയായ മൂന്നാം ലീഗ് മത്സരമാണ് ചെൽസിക്ക് വിജയിക്കാൻ ആവാത്തത്.
സ്റ്റാംഫോ ബ്രിഡ്ജിൽ ഇന്ന് ആവേശകരമായ മത്സരം തന്നെയാണ് കാണാൻ കഴിഞ്ഞത്. ചെൽസി ആണ് കളി നിയന്ത്രിച്ചത് എങ്കിലും ഇന്ന് ആദ്യ ഗോൾ നേടിയത് ലിവർപൂൾ ആയിരുന്നു. ചെൽസിയുടെ യുവ ഡിഫൻഡർ ചലോബയുടെ ഒരു ഡിഫൻസീവ് ഹെഡർ പാളുകളും അത് മാനെ കൈക്കലാക്കുകയുമായിരുന്നു. മാനെ ചെൽസി കീപ്പൻ മെൻഡിയെ ഡ്രിബിൾ ചെയ്ത് അകറ്റി ഒഴിഞ്ഞ വലയിലേൽക് പന്ത് എത്തിച്ചു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മാനെയുടെ ഒരു ലീഗ് ഗോൾ. 9ആം മിനുട്ടിൽ ലിവർപൂൾ 1-0ന് മുന്നിൽ.
ചെൽസി കളിയിലേക്ക് തിരികെവരാൻ ശ്രമിക്കുന്നതിന് ഇടയിൽ 26ആം മിനുട്ടിൽ മൊ സലാ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. ചെൽസിയുടെ ആരാധകർ നിശബ്ദരായി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ചെൽസി കളിയിലേക്ക് തിരികെ വന്നു. 42ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് വെളിയിൽ നിന്ന് കൊവാചിച് തൊടുത്ത വോളി ഫുട്ബോൾ ആരാധകരെ മുഴവൻ സന്തോഷത്തിലാക്കും പോലെ വലയിലേക്ക് പതിച്ചു. മൂന്ന് മിനുട്ടുകൾക്ക് അപ്പുറം പുലിസിച് ചെൽസിയുടെ രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 2-2
രണ്ടാം പകുതിയിൽ സലായുടെയും മാനെയുടെയും രണ്ട് മികച്ച ഷോട്ടുകൾ മെൻഡി സേവ് ചെയ്തു. മറുവശത്ത് പുലിസിചിന്റെ ഗോൾ ശ്രമം കെല്ലറും ഒരു നല്ല സേവിലൂടെ രക്ഷിച്ചു.
ഈ സമനിലയോടെ 43 പോയിന്റുമായി ചെൽസി ലീഗിൽ രണ്ടാമതും 42 പോയിന്റുമായി ലിവർപൂൾ മൂന്നാമതുമാണുള്ളത്.