ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച മത്സരമാണ് ഇന്ന് ലണ്ടണിലെ ടോട്ടനം പുതിയ സ്റ്റേഡിയത്തിൽ കണ്ടത്. എൻഡ് ടു എൻഡ് അറ്റാക്ക് കണ്ട മത്സരത്തിൽ ലിവർപൂളും സ്പർസും 2 ഗോളുകൾ വീതം അടിച്ച് പിരിഞ്ഞു. ഒരുപാട് അവസരങ്ങൾ നഷ്ടമാക്കിയ സ്പർസ് വിജയിക്കാത്തതിന് സ്വയം പഴിക്കേണ്ടി വരും. ഇന്ന് മത്സരത്തിന്റെ 13ആം മിനുട്ടിൽ ഹാരി കെയ്ൻ ആണ് സ്പർസിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം സോണിനും ഡെലെ അലിക്കും ഒക്കെ മികച്ച അവസരങ്ങൾ ലീഡ് ഉയർത്താൻ ലഭിച്ചിരുന്നു എങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിയിരുന്നില്ല.
35ആം മിനുട്ടിൽ റൊബേർടസന്റെ ക്രോസിൽ നിന്ന് ജോട ഹെഡറിലൂടെ ലിവർപൂളിനെ ഒപ്പം എത്തിച്ചു. ഇതിനു ശേഷം ലിവർപൂൾ മികച്ച അറ്റാക്കുകൾ ആദ്യ പകുതിയുടെ അവസാനം വരെ നടത്തി.
രണ്ടാം പകുതിയിലും സ്പർസ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് കാണാൻ ആയി. 70ആം മിനുട്ടിൽ റൊബേർട്സണിലൂടെ ലിവർപൂൾ ലീഡെടുത്തു. ബിൽഡ് അപ്പിൽ സലായുടെ ഹാൻഡ് ബോൾ ഉണ്ടായിരുന്നു എങ്കിലും വാർ ഗോൾ അനുവദിച്ചു. ലണ്ടണിൽ നിന്ന് വിജയവുമായി മടങ്ങാൻ എന്നിട്ടും ലിവർപൂളിനായില്ല.
74ആം മിനുട്ടിലെ അലിസന്റെ ഒരു അബദ്ധം സോണിന് ഒരു ഗോൾ സമ്മാനിച്ചു. സ്കോർ 2-2. ഇതിനു പിന്നാലെ ഒരു മോശം ഫൗളിന് റൊബേർട്സൺ ചുവപ്പ് വാങ്ങി പുറത്ത് പോയി. ഇതിനു ശേഷം സ്പർസ് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ പിറന്നില്ല.
ഈ സമനിലയോടെ ലിവർപൂൾ 41 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്. സ്പർസ് 26 പോയിന്റുമായി ഏഴാം സ്ഥാനത്തും നിൽക്കുന്നു.