ഇന്ത്യൻ സൂപ്പർ ലീഗിൽ ജയത്തോടെ തുടങ്ങി ഒഡീഷ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയത്. ഹാവി ഹെർണാണ്ടസിന്റെ ഇരട്ട ഗോളുകളാണ് ഒഡീഷ എഫ്സിയെ വിജയത്തിലേക്ക് നയിച്ചത്. ഒഡീഷയുടെ മറ്റൊരു ഗോൾ നേടിയത് അരിഡെയാണ്. ബെംഗളൂരു എഫ്സിയുടെ ആശ്വാസ ഗോൾ നേടിയത് അലൻ കോസ്റ്റയും. സുനിൽ ഛേത്രി പെനാൽറ്റി നഷ്ടപ്പെടുത്തിയതും ബെംഗളൂരു എഫ്സിക്ക് തിരിച്ചടിയായി.
കിക്കോ റാമിറസിനെ പരിശീലകനാക്കി എത്തിച്ച് ഏറെ പ്രതീക്ഷയുമായി എത്തിയ ഒഡീഷ എഫ്സി കന്നിയങ്കത്തിൽ തന്നെ ജയം നേടി. മുൻ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിക്കാൻ ഒഡീഷക്കായി. കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ ഫെർണാണ്ടസിലൂടെ ലീഡ് നേടാൻ ഒഡീഷക്കായി. ഗുർപ്രീതിന്റെ പിഴവ് മുതലെടുത്ത ഹെർണാണ്ടസ് ഐഎസ്എല്ലിലെ തന്റെ 19ആം ഗോൾ സ്വന്തമാക്കി. എന്നാൽ അലൻ കോസ്റ്റയിലൂടെ 21ആം മിനുട്ടിൽ ബെംഗളൂരു ഗോൾ മടക്കി.
പിന്നീട് ഇരു ടീമുകളും ഉണർന്ന് കളിച്ചപ്പോൾ തിലക് മൈദാനിൽ ആവേശോജ്ജ്വലമായ മത്സരമാണ് ആരാധകർക്ക് ലഭിച്ചത്. ആദ്യ പകുതിയിൽ ഓരോ ഗോളുമായി ഇരു ടീമുകളും സമനിലയോടെ പിരിഞ്ഞു. രണ്ടാം പകുതി ഒഡീഷ എഫ്സിക്ക് സ്വന്തമായിരുന്നു. ഹാവി ഹെർണാണ്ടസിന്റെ ഫ്രീകിക്ക് ഒഡീഷക്ക് ലീഡ് നൽകി. ക്ലെയ്ടൻ സിൽവ വഴി ലഭിച്ച പെനാൽറ്റി ബെംഗളൂരു എഫ്സിക്ക് മത്സരത്തിലേക്ക് തിരിച്ച് വരാൻ ഒരു അവസരം നൽകിയെങ്കിലും പെനാൽറ്റി എടുത്ത ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പിഴച്ചു. ഇഞ്ചുറി ടൈമിലെ സ്പാനിഷ് താരം അരിഡായുടെ ഗോളിൽ ഒഡീഷ എഫ്സി ജയം പിടിച്ചു വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാല് ഐഎസ്എൽ പോരാട്ടങ്ങളിലും ബെംഗളൂരുവിനെ വീഴ്ത്താൻ കഴിയാതെയിരുന്ന ഒഡീഷക്ക് ഈ സീസണിൽ വമ്പൻ ജയത്തോടെയാണ് തുടക്കം ലഭിച്ചിരിക്കുന്നത്.