അപൂർവങ്ങളിൽ അപൂർവം എന്നതിന് ഇതിലും വലിയ ഉദാഹരണങ്ങൾ കിട്ടാൻ പാടാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ഞായറാഴ്ച ആഴ്സെണലിന്റെ ഹോം മാച്ച് തുടങ്ങി ഏഴാം മിനിറ്റിൽ യുവതാരം ബുകായോ സാക വാറ്റ്ഫോർഡ് വലയിൽ പന്തെത്തിച്ച് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഘോഷങ്ങൾക്ക് തിരി കൊളുത്തുന്നു. ഇളകി മറിഞ്ഞ ആരാധകരെയും ടീമിനെയും അത്ഭുപ്പെടുത്തിക്കൊണ്ട് VAR ആ ഗോൾ നിഷേധിക്കുന്നു. ഗോൾ ലൈനിനടുത്ത് ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ച വാറ്റ്ഫോർഡ് കളിക്കാരന്റെ പുറകിലായിരുന്നു എല്ലായ്പ്പോഴും സാക. എന്നിട്ടും എന്തേ ഓഫ്‌സൈഡ്? VAR ന് തെറ്റ് പറ്റിയോ? അതോ ഇത് ശരിയായ തീരുമാനം തന്നെയോ? എന്താണിവിടെ സംഭവിച്ചത്?
“സഹതാരങ്ങൾ പന്ത് പാസ് ചെയ്യുന്ന സമയത്ത് പന്ത് സ്വീകരിക്കുന്ന കളിക്കാരനും ഗോൾ ലൈനിനുമിടയിൽ ഡിഫെൻഡ് ചെയ്യുന്ന ടീമിന്റെ 2 താരങ്ങളെങ്കിലും ഇല്ലെങ്കിൽ അയാൾ ഓഫ്സൈഡാണ് ” – ഇതാണ് ഫുട്ബാൾ നിയമത്തിൽ പറയുന്നത്.
കൺഫ്യൂഷനായോ? നമ്മളെപ്പോഴും ലാസ്റ്റ് ഡിഫെൻഡറിന്റെ പുറകിലാണോ എന്നെ നോക്കാറുള്ളൂ അല്ലേ?
ശരിയാണ്, VAR പോലും ലാസ്റ്റ് ഡിഫെൻഡറിനെ വെച്ച് ലൈൻ വരച്ചു നോക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. പക്ഷേ, അപ്പോഴൊക്കെ ഡിഫെൻഡറിന്റെയും പിറകിൽ ഗോളി ഉണ്ടാകാറുണ്ട്. അപ്പോൾ പന്തിനു മുന്നിൽ മൊത്തം 2 എതിർ കളിക്കാർ ആയി. സാകയുടെ കാര്യത്തിൽ ഇവിടെ മുന്നോട്ട് കയറി വന്ന വാറ്റ്ഫോർഡ് ഗോളി ബെൻ ഫോസ്റ്ററിനെയും കടന്നാണ് സാക നിൽക്കുന്നത്. ഒബാമയാങ് പാസ് ചെയ്യുന്ന നേരത്ത് സാകക്കും ഗോൾ ലൈനിനുമിടയിൽ ഒരു വാറ്റ്ഫോർഡ് താരം മാത്രമേയുള്ളൂ, അതിനാൽ സാക ഓഫ്‌സൈഡ് ആണ്, VAR തീരുമാനം വളരെ വളരെ ശരിയാണ്.