ആഴ്സണലിന്റെ യുവ താരം എമിൽ സ്മിത് റോ കരിയറിൽ ആദ്യമായി ഇംഗ്ലീഷ് സീനിയർ ടീമിൽ ഇടം പിടിച്ചു. ഇംഗ്ലണ്ട് യൂത്ത് ടീനുകളുടെ സ്ഥിരസാന്നിധ്യമായ സ്മിത് റോക്ക് ഇത് അർഹിച്ച അംഗീകാരം ആണ്. ആഴ്സണലിന് ആയി സീസണിൽ മിന്നും ഫോമിലാണ് 21 കാരനായ താരം. സീസണിൽ ഇത് വരെ 5 ഗോളുകളും 2 അസിസ്റ്റുകളും ആണ് ലീഗിൽ മാത്രം സ്മിത് റോ നേടിയത്. കഴിഞ്ഞ 3 പ്രീമിയർ ലീഗ് മത്സരങ്ങളിൽ തുടർച്ചയായി ഗോളുകൾ നേടാനും താരത്തിന് ആയി.
ശാരീരിക ക്ഷമത പൂർണമായും കൈവരിക്കാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കോസ് റാഷ്ഫോർഡ്, ചെൽസിയുടെ മേസൻ മൗണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലൂക് ഷാ, അസുഖം കാരണം സൗതാപ്റ്റണിന്റെ ജെയിംസ് വാർഡ് പ്രോസ് എന്നിവർ ഇംഗ്ലീഷ് ടീമിൽ നിന്നു പിന്മാറിയിട്ടുണ്ട്. നേരത്തെ സ്മിത് റോ അടക്കമുള്ള താരങ്ങൾക്ക് ഇംഗ്ലീഷ് ടീമിൽ ഇടം ലഭിക്കാത്തതിൽ ഇയാൻ റൈറ്റ് അടക്കമുള്ള പ്രമുഖർ വിമർശനം ഉന്നയിച്ചിരുന്നു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അൽബാനിയ, സാൻ മറീനോ ടീമുകളെ ആണ് ഇംഗ്ലണ്ട് വരും മത്സരങ്ങളിൽ നേരിടുക.