ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ ഫോമിൽ ആണെങ്കിലും ക്ലബ് അവരുടെ പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യറിനെ പുറത്താക്കില്ല. മാനേജ്മെന്റ് പരിശീലകനെ പിന്തുണക്കാൻ തന്നെ തീരുമാനിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. മാനേജ്മെന്റിനെ വിമർശിക്കാത്ത അവരുടെ ഇഷ്ട പരിശീലകനെ കൈവിടേണ്ട എന്ന് തന്നെയാണ് ഗ്ലേസേഴ്സിന്റെ തീരുമാനം. ഒലെ തുടരട്ടെ എന്നും അദ്ദേഹത്തിന് ജനുവരി ട്രാൻസ്ഫറിനായി കൂടുതൽ പണം നൽകാം എന്നുമാണ് മാനേജ്മെന്റിന്റെ തീരുമാനം.
ഒലെ പരിശീലകനായി നിൽക്കുന്നത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ വിമർശനങ്ങളിൽ നിന്ന് ക്ലബിനെ രക്ഷിക്കുന്നു എന്നതും ഗ്ലേസേഴ്സ് ഒലെയെ വിടാതിരിക്കാനുള്ള കാരണമാണ്. എന്നാൽ ഇത്രയും മികച്ച സ്ക്വാഡിനെ ഒരിക്കിയിട്ടും ഒലെയെ പരിശീലകനായി നിലനിർത്തുന്നത് എന്തിനാണെന്ന് ആരാധകർ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ഇനി കടുപ്പമുള്ള മത്സരങ്ങൾ ആണ് മുന്നിൽ ഉള്ളത് എന്നത് കൊണ്ട് തന്നെ എത്ര കാലം ഗ്ലേസേഴ്സ് ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കും എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.