റണ്ണെടുക്കുന്നതിന് മുമ്പ് ലോകകപ്പ് അരങ്ങേറ്റക്കാരായ പാപുവ ന്യു ഗിനിയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 81 റൺസിന്റെ ബലത്തിൽ വലിയ തകര്‍ച്ചയിൽ നിന്ന് തിരിച്ചുവരവ് നടത്തി പാപുവ ന്യു ഗിനി. എന്നാൽ ക്യാപ്റ്റന്‍ അസ്സദ് വാലയും ചാള്‍സ് അമിനിയും പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പിഎന്‍ജിയ്ക്ക് 20 ഓവറിൽ 129 റൺസ് മാത്രമേ 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.
മത്സരത്തിൽ അസ്സദ് വാല – ചാള്‍സ് അമിനി കൂട്ടുകെട്ടാണ് പിഎന്‍ജിയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. 37 റൺസ് നേടിയ അമിനി റണ്ണൗട്ടായാണ് പുറത്തായത്. 40 പന്തിൽ അസ്സാദ് വാല തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.
15ാം ഓവറിലെ ആദ്യ പന്തിൽ ഖലീമുള്ള അസ്സദ് വാലയെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 56 റൺസ് നേടിയ അസ്സദിനെ ജതീന്ദര്‍ സിംഗ് ആണ് പിടിച്ച് പുറത്താക്കിയത്.
അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകളുമായി ഒമാന്‍ തിരിച്ചടിച്ചപ്പോള്‍ പിഎന്‍ജി 81/2 എന്ന നിലയില്‍ നിന്ന് 113/7 എന്ന നിലയിലേക്ക് വീണു. ഒമാന് വേണ്ടി ക്യാപ്റ്റന്‍ സീഷന്‍ മക്സൂദ് നാല് വിക്കറ്റ് നേടി.