അടുത്ത വർഷം ലോകകപ്പ് വരെ ഇറ്റലി അവരുടെ അപരാജിത റെക്കോർഡ് നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് പരിശീലകൻ റോബർട്ടോ മാഞ്ചിനി. നാളെ സ്പെയിനെ നേരിടുന്നതിന് മുന്നോടിയായാണ് ഇറ്റലി പരിശീലകൻ തന്റെ ലക്ഷ്യം വ്യക്തമാക്കിയത്. ഇറ്റലി അവസാന 37 മത്സരങ്ങളിൽ തോൽവി അറിയാതെ ഒരു റെക്കോർഡ് കുതിപ്പിലാണ് ഉള്ളത്.
“ഞങ്ങൾ 37 മത്സരങ്ങൾ പരാജയം അറിയാതെ മുന്നേറി. ഇനിയും വളരെക്കാലം ഈ കുതിപ്പ് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത്  വരും മത്സരങ്ങളിൽ ഇറ്റലി എങ്ങനെ കളിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു” മാഞ്ചിനി പറഞ്ഞു.
“ഞങ്ങൾ ഒരു നല്ല ടീമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ വിജയം നിലനിർത്താൻ ഞങ്ങൾ നന്നായി പ്രവർത്തിക്കേണ്ടതുണ്ട്. 2022 ഡിസംബർ വരെ ഈ കുതിപ്പ് തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് വളരെ എളുപ്പമാകുമെന്ന് ഞാൻ കരുതുന്നില്ല” മാഞ്ചിനി പറഞ്ഞു.
					












