ഒളിമ്പിക്സിൽ മനുഷ്യനും ഒരു മൃഗവും ഒരുമിച്ച് പങ്കെടുക്കുന്ന ഏക ഇനമായ അശ്വാഭ്യാസത്തിൽ/ഇക്വസ്ട്രിയനിൽ പുരുഷ ആധിപത്യത്തിന് അന്ത്യം കുറിച്ച് ഒരു വനിത ജേതാവ്. കുതിര ചാട്ടവും അഭ്യാസവും ഒതുക്കവും ഒക്കെ അടങ്ങിയ ആശ്വാഭ്യാസം ഒളിമ്പിക്സിൽ എല്ലാ കാലവും ഉൾപ്പെട്ട ഇനം ആയിരുന്നു. അത് വരെ പുരുഷന്മാർ മാത്രം മത്സരിക്കുന്ന വ്യക്തിഗത ഇനം 1964 ടോക്കിയോ ഒളിമ്പിക്സ് മുതൽ ആണ് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ച് പങ്ക് എടുക്കാവുന്ന ഇനം ആക്കിയത്.
അതിനു ശേഷം ഇന്ന് വരെ 57 വർഷത്തെ ഒളിമ്പിക് ചരിത്രത്തിൽ ആശ്വാഭ്യാസത്തിൽ ഒരു വനിത ജേതാവ് ഉണ്ടായിരുന്നില്ല. ആ ചരിത്രമാണ് ജൂലിയ ക്രയവ്സ്കിയും അവരുടെ കുതിരയും തകർത്തത്. ഇതോടെ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ ഒരു വനിത ജേതാവ് ഉണ്ടായി. ബ്രിട്ടീഷ് താരം ടോം മക്വീൻ ആണ് ഈ ഇനത്തിൽ വെള്ളി നേടിയത്. ഓസ്ട്രേലിയൻ താരം ആൻഡ്രൂ ഹോയി വെങ്കലവും നേടി. ഈ ഇനത്തിൽ മത്സരിച്ച ഇന്ത്യൻ താരം ഫൗദ് മിർസയും അദ്ദേഹത്തിന്റെ കുതിരയും ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും ഫൈനലിൽ 25 പേരിൽ 22 സ്ഥാനക്കാരൻ ആവാനെ സാധിച്ചുള്ളൂ.