പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. 19.5 ഓവറിൽ ടീം ഓള്‍ഔട്ട് ആയെങ്കിലും 200 റൺസാണ് ഇംഗ്ലണ്ട് നേടിയത്. തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായി 18/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ജോസ് ബട്ലറും മോയിന്‍ അലിയും തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലണ്ട് തിരിച്ചുവരികയായിരുന്നു.
ഇരുവരും ചേര്‍ന്ന് 67 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. 16 പന്തിൽ 36 റൺസ് നേടിയ മോയിന്‍ അലി പുറത്തായ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ലിയാം ലിവിംഗ്സ്റ്റണിനൊപ്പം ജോസ് ബട്ലര് അടിച്ച് തകര്‍ക്കുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് 52 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. മോയിന്‍ അലിയെയും ജോസ് ബട്ലറെയും പുറത്താക്കിയത് മുഹമ്മദ് ഹൊസ്നൈന്‍ ആയിരുന്നു. 39 പന്തിൽ 59 റൺസാണ് ജോസ് ബട്ലര് നേടിയത്.
ബട്ലര് പുറത്ത് പോയ ശേഷം ജോണി ബൈര്‍സ്റ്റോയെ നഷ്ടപ്പെട്ട ടീമിന് അധികം വൈകാതെ റൺഔട്ട് രൂപത്തിൽ ലിയാം ലിവിംഗ്സ്റ്റണിനെയും നഷ്ടമായി. 23 പന്തിൽ 38 റൺസാണ് ലിവിംഗ്സ്റ്റൺ നേടിയത്. പാക്കിസ്ഥാന് ബൗളര്‍മാരിൽ മുഹമ്മദ് ഹസ്നൈന് മൂന്നും ഇമാദ് വസീം, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.