ഇന്ന് കോപ അമേരിക്ക കിരീടം അർജന്റീന ഉയർത്തിയതോടെ ഈ വർഷത്തെ ബാലൻ ഡി ഓർ എങ്ങോട്ടേക്ക് പോകും എന്നത് സംബന്ധിച്ച് ഏകദേശ ധാരണയായി എന്ന് പറയാം. കോപ അമേരിക്കയിലെ ടോപ് സ്കോററും മികച്ച കളിക്കാരനായും മാറിയ മെസ്സി തന്നെയാകും ഇത്തവണത്തെ ബാലൻ ഡി ഓറിന് ഫേവറിറ്റ്. ഇതിനകം ആറു തവണ ബാലൻ ഡി ഓർ നേടിയ മെസ്സിക്ക് ഇത്തവണ വലിയ വെല്ലുവിളി ഒന്നും വേറെ ആരും ബാലൻ ഡി ഓറിനായി ഉയർത്തുന്നില്ല.
യൂറോ കപ്പ് ആരംഭിക്കും മുമ്പ് വരെ കാന്റെയെ ബാലൻ ഡി ഓറിൽ ഫേവറിറ്റായി പലരും വിലയിരുത്തി എങ്കിലും ഫ്രാൻസ് യൂറോ കപ്പിൽ പെട്ടെന്ന് പുറത്തായത് കാന്റെയ്ക്ക് തിരിച്ചടി ആയി. ഈ വർഷം അത്ര മികച്ചത് എന്ന് പറയാൻ ആകുന്ന വ്യക്തിഗത പ്രകടനങ്ങൾ ആരിൽ നിന്നും ഉണ്ടായില്ല എന്നതും മെസ്സിക്ക് ഗുണമാകും. ഇറ്റലി യൂറോ കിരീടം നേടുകയാണെങ്കിൽ അവരുടെ മധ്യനിര താ ജോർഗീഞ്ഞോയെ ബാലൻ ഡി ഓർ സാധ്യത പട്ടികയിൽ എത്തിച്ചേക്കും. ജോർഗീഞ്ഞോ ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു. എന്നാൽ മെസ്സിക്ക് ജോർഗീഞ്ഞോ ഒരു വെല്ലുവിളി ആയേക്കില്ല.
മെസ്സിക്ക് ബാഴ്സലോണക്ക് ഒപ്പം പതിവു പോലെ മികച്ച സീസൺ ആയിരുന്നു എങ്കിലും ആകെ കോപ ഡെൽ റേ കിരീടം മാത്രമെ അദ്ദേഹത്തിന് നേടാൻ ആയിരുന്നുള്ളൂ. പക്ഷെ ഈ കോപ കിരീടം മെസ്സിക്ക് കരുത്തു നൽകും. ഈ ടൂർണമെന്റിൽ അഞ്ച് അസിസ്റ്റും നാലു ഗോളുകളും മെസ്സി സംഭാവമ ചെയ്തിരുന്നു. 2021ൽ ഇതുവരെ രാജ്യത്തിനും ക്ലബിനുമായി 33 ഗോളുകൾ നേടാനും 14 അസിസ്റ്റ് ഒരുക്കാനും മെസ്സിക്ക് ആയിരുന്നു. ഏഴാം ബാലൻ ഡി ഓർ മെസ്സി നേടുക ആണെങ്കിൽ ആ റെക്കോർഡും എന്നേക്കുമായി മെസ്സിയിൽ സുരക്ഷിതമായേക്കും.