ലാലിഗ ടീമായ റയൽ മാഡ്രിഡിന്റെ ആദ്യ പ്രീസീസൺ മത്സരം തീരുമാനമായി. അവർ സ്കോട്ടിഷ് ചാമ്പ്യന്മാരായ റേഞ്ചേഴ്സിനെ ആകും നേരിടുക. ഈ മാസം 25ന് റേഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാകും മത്സരം നടക്കുക. കൊറോണ കാരണം കഴിഞ്ഞ സീസണിൽ ഒരു ടീമിനും വിദേശ രാജ്യങ്ങളിലേക്ക് പ്രീസീസണ് പോകാൻ ആയിരുന്നില്ല. എന്നാൽ റയലിന്റെ ആദ്യ ഫിക്സ്ചർ വന്നതോടെ യൂറോപ്പിലെ പ്രധാന ക്ലബുകൾ എല്ലാം മുൻ കാലങ്ങളിൽ എന്ന പോലെ വിദേശ രാജ്യങ്ങളിൽ പ്രീസീസൺ നടത്തും എന്ന് ഉറപ്പായി.
റേഞ്ചേഴ്സിന് എതിരായ മത്സരം ആഞ്ചലോട്ടൊയുടെ തിരിച്ചുവരവിന് ശേഷമുള്ള റയൽ മാഡ്രിഡിന്റെ ആദ്യ മത്സരമാകും. ഫസ്റ്റ് ടീമിലെ പകുതിയിലധികം താരങ്ങളും ഇല്ലാതെയാകും റയൽ റേഞ്ചേഴ്സിനെ നേരിടുക. ഈ മാസം അവസാനത്തോടെ ഭൂരിഭാഗം താരങ്ങളും തിരിച്ച് ടീമിനൊപ്പം ചേരും എങ്കിലും റേഞ്ചേഴ്സിന് എതിരെ അവർ ഇറങ്ങാൻ സാധ്യതയില്ല. ഒളിമ്പിക്സ് സ്ക്വാഡിൽ ഉള്ള താരങ്ങൾ സീസൺ ആരംഭിച്ചതിനു ശേഷം മാത്രമെ റയൽ മാഡ്രിഡിനൊപ്പം ചേരുകയുള്ളൂ.