ഇന്ന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് സ്വപ്ന ഫൈനൽ കാണാതെ ഡെന്മാർക്ക് യൂറോ കപ്പിൽ നിന്ന് മടങ്ങുകയാണ്. എങ്കിലും ഈ ഡെന്മാർക്കിനെ ഒരു ഫുട്ബോൾ പ്രേമിയും ഒരിക്കലും മറക്കാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചു പറയാൻ ആകും. മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും ഹൃദയം സ്വന്തമാക്കിയാണ് അവർ മടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം. അത്രയധികം വികാര സമ്പന്നമായിരുന്നു ഡെന്മാർക്കിന്റെ ഈ യൂറോ കപ്പ്.
ഫിൻലാൻഡിനെതിരായ ഡെന്മർക്കിന്റെ ടൂർണമെന്റിലെ ആദ്യ ദിവസം ഏത് ഫുട്ബോൾ പ്രേമികൾക്കും വേദന നിറഞ്ഞ ഓർമ്മയായിരിക്കും. അന്ന് കളിക്കിടയിൽ എറിക്സണ് ഹൃദയാഘാതം സംഭവിച്ചതും അത് കണ്ട് ആശങ്കപ്പെട്ടതും കരഞ്ഞതും ഒക്കെ ഇപ്പോഴും നെഞ്ചിലെ നീറ്റലായി ഫുട്ബോൾ ആരാധകർക്ക് അകത്തുണ്ട്. അന്ന് മത്സരം പരാജയപ്പെട്ടു എങ്കിലും എറിക്സൺ സംഭവത്തോടും പിന്നീടങ്ങോട്ടും ഡെന്മാർക്ക് ടീം കാണിച്ച മാനസിക കരുത്ത് ഏവരെയും ഡെന്മാർക്കിന്റെ ഒപ്പം നിർത്തി എന്ന് പറയാം.
സിമൊൺ കാറിനെയും കാസ്പെർ ഷിമൈക്കിളിനെയും വെസ്റ്റ്ഗാർഡിനെയും ഡാംസ്ഗാർഡിനെയും ഡോഒൽബർഗിനെയും മലെനെയും ഒക്കെ പിന്നെ ഫുട്ബോൾ ആരാധകർ നെഞ്ചിലേക്കേറ്റി.
അന്ന് ഫിൻലാൻഡിനോടും പിന്നാലെ ബെൽജിയത്തോടും ഡെന്മാർക്ക് പരാജയപ്പെട്ടതോടെ അവർ യൂറോ കപ്പിന് പുറത്തേക്കാണ് എന്നാണ് തോന്നിപ്പിച്ചത്. പക്ഷെ റഷ്യക്ക് എതിരായ 4-1ന്റെ വിജയം അവരെ പ്രീക്വാർട്ടറിൽ എത്തിച്ചു. റഷ്യക്ക് എതിരായ ആ വിജയം ഡെന്മാർക്ക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മധുരമുള്ള വിജയങ്ങളിൽ ഒന്നായി നിലനിൽക്കും.
പിന്നീട് പ്രീക്വാർട്ടറിൽ വെയിൽസിന് ഡെന്മാർക്കിനോട് മുട്ടി നിൽക്കാൻ പോലും ആയില്ല. അന്ന് 4-0ന്റെ വിജയം. ക്വാർട്ടറിൽ ചെക്ക് റിപബ്ലിക്കിനെയും അനായാസം ഡെന്മാർക്ക് മറികടന്നു. എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥന നടത്തുന്നു എന്നും പാട്ടുകൾ പാടുന്നു എന്നും ഫുട്ബോൾ ലോകത്തിന് തോന്നിയ നിമിഷങ്ങൾ.
സെമിയിൽ ഡെന്മാർക്കിനു മുന്നിൽ ഉള്ള കടമ്പ വളരെ വലുതായിരുന്നു. ഇംഗ്ലണ്ടിൽ തിങ്ങി നിറഞ്ഞ ഇംഗ്ലണ്ട് ആരാധകർക്ക് മുന്നിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫംസിംഗ് ടീമായ ഇംഗ്ലണ്ടിനെതിരെ കളിക്കുക എന്നത്. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഇംഗ്ലീഷ് വലയിൽ ഒരു ഗോൾ എത്തിക്കാൻ ഡെന്മാർക്കിനായി. ദാംസ്ഗാർഡിന്റെ ആ ഗോൾ വീണപ്പോൾ ഡെന്മാർക്ക് 1992 ആവർത്തിക്കുമോ എന്ന് ആശ്ചര്യപ്പെട്ടു. പക്ഷെ ഒരു സെൽഫ് ഗോളും ഒരു പെനാൾട്ടിയും ഡെന്മാർക്ക് സ്വപ്നങ്ങൾക്ക് മേൽ വീണു. ഫൈനൽ കാണാതെ അവർ മടങ്ങി.
എങ്കിലും ഡെന്മാർക്ക് ഈ യൂറോ കപ്പ് കൊണ്ട് സമ്പാദിച്ച ആരാധകർ അവർ നേടിയ ഏതു കിരീടങ്ങളേക്കാളും വലുതായിരിക്കും. ഈ ഡാനിഷ് നിരയെ ഫുട്ബോൾ പ്രേമികൾ മറക്കില്ല.