ഏറ്റവും പുതിയ കേന്ദ്ര കരാര്‍ പട്ടിക പുറത്ത് വിട്ട് പാക്കിസ്ഥാന് ബോര്‍ഡിനെ വിമര്‍ശിച്ച് കമ്രാന്‍ അക്മൽ. ബോര്‍ഡിന് മനസ്സിൽ തോന്നിയ കുറേ പേരുകള്‍ പറയുകയാണ് ചെയ്തതെന്നും അക്മൽ പറഞ്ഞു. ചില താരങ്ങള്‍ക്ക് ലിസ്റ്റിൽ അവസരം വേണമെന്നാണ് തനിക്ക് തോന്നുന്നതെന്നും കമ്രാന്‍ വ്യക്തമാക്കി.
ബോര്‍ഡ് തങ്ങളുടെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും അനുസരിച്ചുള്ള ഒരു പട്ടികയാണ് ഇട്ടിരിക്കുന്നതെന്നും കമ്രാന്‍ ആരോപിച്ചു. ഷാന്‍ മസൂദ്, ഹാരിസ് സൊഹൈൽ, അസാദ് ഷഫീക്ക്, മുഹമ്മദ് അബ്ബാസ്, ഇമാദ് വസീം, മുഹമ്മദ് ഹഫീസ് എന്നിവര്‍ക്ക് കേന്ദ്ര കരാര്‍ ലഭിക്കണമായിരുന്നുവെന്നാണ് തനിക്ക് തോന്നിയതെന്നും കമ്രാന്‍ അഭിപ്രായപ്പെട്ടു.
അതുപോലെ മുന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് സി ഗ്രേഡ് കരാറിനെക്കാളും മികച്ച കരാര്‍ വേണമെന്നും താരം സൂചിപ്പിച്ചു. ടെസ്റ്റ് താരം അസ്ഹര്‍ അലി ഒരു ഫോര്‍മാറ്റിൽ മാത്രമാണ് കളിക്കുന്നതെങ്കിലും അവിടുത്തെ മികവിന് അസ്ഹര്‍ അലിയ്ക്ക് എ ഗ്രേഡ് കരാര്‍ നല്‍കണമായിരുന്നുവെന്നും കമ്രാന്‍ വാദിച്ചു.