കോപ അമേരിക്കയിൽ ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ബ്രസീലിൽ ഇന്നാണ് മത്സരം എങ്കിലും നാളെ പുലർച്ചെയാണ് നമ്മുക്ക് മത്സരങ്ങൾ. ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വയെയും രണ്ടാം ക്വാർട്ടറിൽ ബ്രസീൽ ചിലിയെയും നേരിടും. കേരള ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത് ബ്രസീലിന്റെ മത്സരം തന്നെയാകും. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ ക്വാർട്ടറിൽ എത്തിയത്. എന്നാലും അവസാന മത്സരത്തിൽ ഇക്വേഡോറിനോട് സമനില വഴങ്ങിയത് ബ്രസീലിനു നിരാശ നൽകും. ഗ്രൂപ്പിൽ നാലാം സ്ഥാനകരായാണ് ചിലി ക്വാർട്ടറിൽ എത്തിയത്. നല്ല ഫോമിൽ അല്ല എങ്കിലും ഏതു വമ്പന്മാരെയും തോല്പിക്കാനുള്ള ടീം എന്നും ചിലിക്ക് ഉണ്ട്.
കിരീടം നിലനിർത്താൻ ഉറപ്പിച്ച് ഈ കോപ ടൂർണമെന്റ് ആരംഭിച്ച ബ്രസീൽ മികച്ച രീതിയിൽ ആയിരുന്നു ടൂർണമെന്റ് തുടങ്ങിയത്. വെനിസ്വേലയെയും പെറുവിനെയും ഏകപക്ഷീയമായ മത്സരത്തിൽ തോൽപിച്ച ബ്രസീൽ മൂന്നാം മത്സരത്തിൽ കൊളംബിയയെയും തോൽപ്പിച്ചു. അവസാന മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയതാണ് സമനിലക്ക് കാരണമായത് എന്നാകും പരിശീലകൻ ടിറ്റെ വിശ്വസിക്കുന്നത്.ചിലിക്ക് ഗ്രൂപ്പ് ഘട്ടം അത്ര നല്ലതായിരുന്നില്ല. അവസാന മത്സരത്തിൽ പരാഗ്വയോട് പരാജയപ്പെട്ടാണ് ചിലെ ക്വാർട്ടറിന് എത്തുന്നത്. ബ്രസീൽ നിരയിൽ ഇന്ന് പ്രമുഖർ ഒക്കെ തിരികെ എത്തും എങ്കിലും ചിലി ഇന്നും പരിക്കേറ്റ സാഞ്ചസ് ഇല്ലാതെ ഇറങ്ങാൻ ആണ് സാധ്യത. താരം പരിശീലനം ആരംഭിച്ചിട്ടുണ്ട് എങ്കിലും ആദ്യ ഇലവനിൽ എതിയേക്കില്ല. സെന്റർബാക്ക് മരിപനും ഇന്ന് ചിലിക്ക് ഒപ്പം ഉണ്ടാകില്ല.
പെറുവും പരാഗ്വെയും തമ്മിലുള്ള മത്സരം രാത്രി 2.30നും ബ്രസീൽ ചിലി മത്സരം പുലർച്ചെ 5.30നും നടക്കും. രണ്ടു മത്സരങ്ങളും തത്സമയം സോണി ചാനലുകളിൽ കാണാം.