അർജന്റീനക്ക് ആയി ഏറ്റവും അധികം മത്സരങ്ങൾ കളിക്കുന്ന താരമായി മാറി അർജന്റീന നായകൻ ലയണൽ മെസ്സി. കോപ്പ അമേരിക്കയിൽ ബൊളീവിയക്ക് എതിരെ കളിക്കാൻ ഇറങ്ങിയതോടെയാണ് തന്റെ മുൻ സഹതാരം ജാവിയർ മഷരാനയുടെ റെക്കോർഡ് മെസ്സി പഴയ കഥയാക്കിയത്. നിലവിൽ 148 മത്സരങ്ങളിൽ ആണ് മെസ്സി അർജന്റീനക്ക് ആയി ബൂട്ട് കെട്ടിയത്. 34 കാരനായ മെസ്സി 2005 ഹംഗറിക്ക് എതിരെ പകരക്കാരൻ ആയാണ് അർജന്റീനക്ക് ആയി അരങ്ങേറ്റം കുറിക്കുന്നത്.
അന്ന് ഹംഗറിക്ക് ചുവപ്പ് കാർഡ് മേടിച്ചു തുടങ്ങിയ കരിയർ ഇന്ന് അർജന്റീനക്ക് ആയി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച, ഗോൾ നേടിയ, ഗോൾ അവസരങ്ങൾ നൽകിയ താരമായി മെസ്സിയെ മാറ്റിയിരിക്കുന്നു. അർജന്റീനക്ക് ആയി രാജ്യാന്തര കിരീടം എന്ന സ്വപ്നം ആണ് ഇന്നും മെസ്സി പിന്തുടരുന്നത്. അതേസമയം മെസ്സിയുടെ പുതിയ ബാഴ്‌സലോണ സഹതാരം സെർജിയോ അഗ്യൂറോക്ക് ഇത് നൂറാം മത്സരം കൂടിയാണ്. 2014 ലോകകപ്പിലും 2015, 2016 കോപ്പ അമേരിക്കയിലും ഫൈനലിൽ വീണ കണ്ണീർ മായിക്കാൻ ആവും ഈ കോപ്പയിൽ മെസ്സിയും അഗ്യൂറോയും ശ്രമിക്കുക.