ഗ്രൂപ്പ് എഫ് മരണ ഗ്രൂപ്പ് തന്നെയായിരുന്നു എന്ന് അടിവര ഇടാം. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രാത്രിയിൽ കണ്ടത് അത്ര മികച്ച പോരാട്ടങ്ങൾ ആയിരുന്നു. ഗ്രൂപ്പിൽ ദുർബലർ എന്ന് എല്ലാവരും കരുതിയ ഹംഗറി ഉയർത്തിയ വലിയ വെല്ലുവിളി മറികടന്ന് ജർമ്മനി പ്രീക്വാർട്ടറിലേക്ക് കടന്നും. മത്സരത്തിന്റെ 80ആം മിനുട്ട് വരെ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് കിടന്നതിനു ശേഷമാണ് ഒരു സമനില കൊണ്ട് ജർമ്മനി തടി തപ്പിയത്. 2-2 എന്ന സമനില ജർമ്മനിയെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തും ഹംഗറിയെ നാലാം സ്ഥാനത്തും ആക്കി.
ഇന്ന് ഒരു സമനില കൊണ്ട് തന്നെ എളുപ്പം യോഗ്യത നേടാൻ ആകുമെന്ന പ്രതീക്ഷയിലാണ് ജർമ്മനി ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങിയത്. എന്നാൽ വിജയം നിർബന്ധമായിരുന്ന ഹംഗറി ജർമ്മനിക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തില്ല. കളി ആരംഭിച്ച് പതിനൊന്നാം മിനുട്ടിൽ തന്നെ ഹംഗറി ലീഡ് എടുത്തു. ക്യാപ്റ്റൻ ആഡം സലായുടെ ഹെഡർ ആണ് ഹംഗറിക്ക് ലീഡ് നൽകിയത്. വലതു ഭാഗത്തു നിന്ന് വന്ന ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു സലായിയുടെ ഗോൾ.
ഗോൾ മടക്കാൻ ജർമ്മനി പൂർണ്ണമായും ആക്രമണത്തിലേക്ക് നീങ്ങി. 21ആം മിനുട്ടിൽ കിമ്മിചിന്റെ കോർണറിൽ നിന്ന് ഹമ്മൽസിന്റെ ഹെഡർ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ ജർമ്മനി കളി പൂർണ്ണമായും നിയന്ത്രിച്ചു എങ്കിലും ഹംഗറിയുടെ ഡീപ് ലൈൻ ഡിഫൻസ് ഭേദിക്കാൻ അവർ കഷ്ടപ്പെട്ടു.
രണ്ടാം പകുതിയിൽ ജർമ്മനി കിമ്മിചിനെ മധ്യനിരയിലെക്ക് മാറ്റി ഫോർമേഷൻ പൊളിച്ചെഴുതി. ഗൊറസ്കയെയും അവർ മധ്യനിരയിലേക്ക് സബ്ബായി കൊണ്ടുവന്നു. 65ആം മിനുറ്റിൽ ജർമ്മനി ആഗ്രഹിച്ച സമനില ഗോൾ വന്നു. ഒരു ഫ്രീകിക്കിൽ നിന്ന് ഗോൾ കീപ്പറിന്റെ പിഴവ് മുതലെടുത്ത് ഹവേർട്സ് ആണ് സമനില നൽകിയത്. എന്നാൽ സെക്കൻഡുകൾക്ക് അകം ഹംഗറി ഗോൾ മടക്കി. കിക്കോഫിൽ നിന്ന് നേരെ ആക്രമണം നടത്തിയ ഹംഗറി 21കാരൻ ആൻഡ്രെ ഷഫറിന്റെ ഗോളിലാണ് വീണ്ടും മുന്നിൽ എത്തിയത്. ഇത് ജർമ്മനിയെ ശരിക്കും ഞെട്ടിച്ചു.
എങ്കിലും ലോയുടെ ടീം ആക്രമണം തുടർന്നു. 80ആം മിനുട്ടിൽ വെർണർ ഇടതു വിങ്ങിൽ നിന്ന് ആരംഭിച്ച അറ്റാക്ക് ബോക്സിൽ വെച്ച് ഗൊറേസ്ക ഫിനിഷ് ചെയ്ത് സ്കോർ 2-2 എന്നാക്കി. ഈ ഗോൾ ജർമ്മനിക്ക് ജീവശ്വാസമായി മാറി. ഈ സമനില ജർമ്മനി നാലു പോയിന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാക്കി. അവർ പ്രീക്വർട്ടറിൽ ഇംഗ്ലണ്ടിനെ ആകും നേരിടുക. 4 പോയിന്റ് തന്നെ ഉള്ള പോർച്ചുഗൽ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്കു കടന്നു. 5 പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഫ്രാൻസ് പോർച്ചുഗൽ മത്സരം 2-2 എന്ന നിലയിൽ അവസാനിച്ചിരുന്നു.