ലെവൻഡോസ്കിയുടെ ഒറ്റയാൾ പോരാട്ടം ഫലിച്ചില്ല, അവസാന കിക്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡൻ!!

20210623 231019

ഗ്രൂപ്പ് ഇയിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വീഡൻ പ്രീക്വാർട്ടറിലേക്ക് മുന്നേറി. നേരത്തെ തന്നെ പ്രീക്വാർട്ടർ യോഗ്യത ഉറപ്പിച്ചിരുന്ന സ്വീഡൻ ഇന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരാവുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പോളണ്ടിനെ നേരിടാൻ ഇറങ്ങിയത്. രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു സ്വീഡന്റെ വിജയം. കളിയുടെ അവസാന കിക്കിലായിരുന്നു സ്വീഡന്റെ വിജയം.

ഇന്ന് തുടക്കത്തിൽ തന്നെ ഗോൾ നേടി കളിയുടെ നിയന്ത്രണം സ്വീഡന് ഏറ്റെടുക്കാൻ ആയി. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ഫോർസ്ബെർഗ് ആണ് സ്വീഡന് ലീഡ് നൽകിയത്. പോളണ്ട് ഡിഫൻസ് പന്ത് ക്ലിയർ ചെയ്യാൻ അവസരം കിട്ടിയിട്ടും അത് ഉപയോഗിച്ചില്ല. ഈ തക്കം കൊണ്ട് പന്ത് കൈക്കലാക്കിയ സ്വീഡൻ എമിലെ ഫോർസ്ബർഗിലൂടെ ഗോൾ നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഫോർസ്ബർഗായിരുന്നു സ്വീഡനായി ഗോൾ നേടിയത്. ഈ ഗോളിന് ശേഷം പോളണ്ട് പ്രത്യാക്രമണങ്ങൾ നടത്തി. 17ആം മിനുട്ടിൽ ലെവംഡോസ്കിയുടെ രണ്ടു ഷോട്ടുകൾ ഒറ്റ നിമിഷത്തിൽ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി.

രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ എമിലെ ഫോർസ്ബർഗ് സ്വീഡന്റെ രണ്ടാം ഗോളും നേടി. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഫോർസ്ബർഗിന്റെ ഗോൾ. കുളുസവേസ്കിയുടെ പാസ് സ്വീകരിച്ച ഫോർസ്ബർഗ് എളുപ്പത്തിൽ തന്നെ വല കണ്ടെത്തി. ഇതിനു പിന്നാലെ ഒരു ഗോൾ മടക്കി കൊണ്ട് പോളണ്ട് കളിയിലേക്ക് തിരികെ വന്നു. 61ആം മിനുട്ടിൽ ലെവൻഡോസ്കിയാണ് പോളണ്ടിനായി ഗോൾ മടക്കിയത്. ലെവൻഡോസ്കിയുടെ ലോകനിലവാരം കണ്ട നിമിഷമായിരുന്നു അത്.

ലെവൻഡോസ്കി തന്നെ പോളണ്ടിനായി പൊരുതി. 84ആം മിനുട്ടിൽ സമനില ഗോളും ലെവൻഡോസ്കി നേടി. ഈ ഗോൾ അവസാന നിമിഷങ്ങൾ ആവേശകരമാക്കി. പോളണ്ടിന്റെ പ്രീക്വാർട്ടർ യോഗ്യത ഒരു ഗോൾ മാത്രം അകലത്തിൽ. പക്ഷെ സമയം അവർക്ക് വില്ലനായി. കൗണ്ടർ അറ്റാക്കിൽ ശ്രദ്ധ കൊടുത്ത സ്വീഡൻ 94ആം മിനുട്ടിൽ ക്ലാസന്റെ ഗോളിൽ വിജയം സ്വന്തമാക്കുകയും ചെയ്തു. ഈ ഗോളും ഒരുക്കിയത് യുവന്റസ് യുവതാരം കുളുസവസ്കി ആയിരുന്നു.

പോളണ്ടിനെ തോൽപ്പിച്ച സ്വീഡൻ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. പോളണ്ട് ഒരു പോയിന്റുമായി അവസാന സ്ഥാനത്തു ഫിനിഷ് ചെയ്തു. 5 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത സ്പെയിൻ ആണ് ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിന് യോഗ്യത നേടിയ രണ്ടാമത്തെ ടീം.