പറക്കും സിംഗ് എന്ന് അറിയപ്പെടുന്ന മിൽഖ സിംഗ് അന്തരിച്ചു. 91ാം വയസ്സിൽ ആണ് താരത്തിന്റെ അന്ത്യം. മേയ് 20ന് താരം കോവിഡ് ബാധിതനായിരുന്നു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ജാര്ജ്ജ് ആയ ശേഷം ജൂൺ 3ന് ഓക്സിജന്‍ ലെവല്‍ കുറഞ്ഞതിന് താരം വീണ്ടും ആശുപത്രിയിൽ മിൽഖ അഡ്മിറ്റ് ആവുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് താരം കോവിഡ് നെഗറ്റീവായത്.
മിൽഖ സിംഗിന്റെ മകന് ജീവ് മിൽഖ സിംഗ് ആണ് വിവരം അറിയിച്ചത്. ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ഗോബിന്ദ്പുരയിൽ 1928 നവംബര്‍ 30ന് ആയിരുന്നു മിൽഖയുടെ ജനനം. 1958ൽ കാര്‍ഡിഫിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ (അന്നത്തെ ബ്രിട്ടീഷ് എംപയര്‍ ആന്‍ഡ് കോമൺവെല്‍ത്ത് ഗെയിംസ്) സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യന്‍ അത്ലീറ്റായിരുന്നു മിൽഖ.
2010ൽ ഡല്‍ഹി കോമൺവെൽത്ത് ഗെയിംസിൽ കൃഷ്ണ പൂനിയ സ്വര്‍ണ്ണം നേടുന്നത് വരെ മിൽഖ മാത്രമായിരുന്നു ഈ നേട്ടത്തിന് ഉടമ. 1956, 62 ഏഷ്യന്‍ ഗെയിംസുകളിലായി 4 സ്വര്‍ണ്ണ മെഡലുകള്‍ നേടിയ മിൽഖയ്ക്ക് 1960 റോം ഒളിമ്പിക്സിൽ ഫോട്ടോ ഫിനിഷിലാണ് വെങ്കല മെഡൽ നഷ്ടമായത്.
ഏതാനും ദിവസം മുമ്പാണ് മിൽഖ സിംഗിന്റെ ഭാര്യ നിര്‍മൽ മിൽഖ സിംഗിന്റെ മരണം സംഭവിച്ചത്.