ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗത്തിൽ ചെക് വസന്തം! ചരിത്രം എഴുതി ക്രെജിക്കോവ.

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സീഡ് ചെയ്യാതെ ടൂർണമെന്റിൽ എത്തി കിരീടവും ആയി മടങ്ങുന്ന ടെന്നീസിലെ അപൂർവതക്ക് സാക്ഷ്യം വഹിച്ച് ഇത്തവണത്തെ വനിത വിഭാഗം റോളണ്ട് ഗാരോസ്. പതിവ് പോലെ സമീപകാലത്ത് എന്നത്തേയും പോലെ പുതിയ ജേതാവ് പിറന്നപ്പോൾ അത് ചെക് റിപ്പബ്ലിക് ടെന്നീസിനും ചരിത്രം ആയി. സീഡ് ചെയ്യാതെ ടൂർണമെന്റിൽ എത്തിയ ഡബിൾസ്‌ താരം ആയി മാത്രം കണക്കാക്കപ്പെടുന്ന ബാർബൊറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പണിൽ കുറിച്ചത് ചരിത്രം. 1981 നു ശേഷം ആദ്യമായി ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തിയ ചെക് താരം ആയ ബാർബൊറ ക്രെജിക്കോവ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ കളിച്ച 31 സീഡ് ആയ 29 കാരി റഷ്യൻ താരം അനസ്തേഷ്യ പൗളിചെങ്കോവയെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് മറികടന്നത്. ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ ആയിരുന്നു ഇരു താരങ്ങൾക്കും ഇന്നത്തെ മത്സരം.

ആദ്യ സെറ്റിൽ ആദ്യ സർവീസിൽ തന്നെ ബ്രൈക്ക് വഴങ്ങിയ ബാർബൊറ പക്ഷെ പിന്നീട് സമ്പൂർണ്ണ ആധിപത്യം ആണ് സെറ്റിൽ കാണിച്ചത്. തുടർച്ചയായി 3 ബ്രൈക്ക് അടക്കം ആറു പോയിന്റുകൾ നേടി 6-1 നു സെറ്റ് ചെക് താരം സ്വന്തമാക്കി. രണ്ടാം സെറ്റിൽ സമാനമായി ആണ് അനസ്തേഷ്യ തിരിച്ചു അടിച്ചത്. തുടക്കത്തിൽ തന്നെ ഇരട്ട സർവീസ് ബ്രൈക്ക് കണ്ടത്തിയ അനസ്തേഷ്യ രണ്ടാം സെറ്റിൽ സമ്പൂർണ്ണ ആധിപത്യം കണ്ടത്തി. എന്നാൽ സെറ്റിൽ 5-2 ൽ നിൽക്കുമ്പോൾ കാലിനു ഏറ്റ പരിക്ക് കാരണം വൈദ്യ സഹായം തേടാനും റഷ്യൻ താരം നിർബന്ധിതമായി. എന്നാൽ സെറ്റ് 6-2 നേടിയ താരം മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മത്സരത്തിൽ ഇരു താരങ്ങളും തമ്മിലുള്ള ശരിക്കുള്ള പോരാട്ടം കണ്ടത് മൂന്നാം സെറ്റിൽ ആയിരുന്നു. എന്നാൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ബാർബൊറ സെറ്റിൽ മുൻതൂക്കം നേടി.

തന്റെ സർവീസിൽ രണ്ടു തവണ മാച്ച് പോയിന്റുകൾ രക്ഷിക്കാൻ അനസ്തേഷ്യക്ക് ആയെങ്കിലും തന്റെ സർവീസിൽ അർഹിച്ച ജയം കൈവരിച്ച ബാർബൊറ ക്രെജിക്കോവ ഫ്രഞ്ച് കിരീടം സ്വന്തം പേരിൽ കുറിച്ച് ചരിത്രം എഴുതി. മത്സരത്തിൽ 5 തവണ ബ്രൈക്ക് വഴങ്ങിയ ബാർബൊറ ആറു തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. ജൂനിയർ ജേതാവിൽ നിന്നു തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിൽ 29 മത്തെ വയസ്സിൽ എത്തിയ അനസ്തേഷ്യക്ക് കണ്ണീർ ആണ് കളിമണ്ണ് മൈതാനം സമ്മാനിച്ചത്. എന്നാൽ ഡബിൾസ്‌ താരത്തിൽ നിന്നു ബാർബൊറ ക്രെജിക്കോവയുടെ ഉയർച്ച തന്നെയാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. നാളത്തെ വനിതാ വിഭാഗം ഡബിൾസ് ഫൈനലിൽ നാട്ടുകാരിയായ കാതറീന സിനിയകോവക്ക് ഒപ്പം കളിക്കാനിറങ്ങുന്ന ക്രെജിക്കോവ വീണ്ടും ഒരു കിരീടം ആവും നാളെ ലക്ഷ്യം വക്കുക. അങ്ങനെ സംഭവിച്ചാൽ സിംഗിൾസ്, ഡബിൾസ് കിരീടം ഒരുമിച്ച് നേടുന്ന ആദ്യ താരമാവും ക്രെജിക്കോവ. മത്സരത്തിനു ശേഷം ലോക ഒന്നാം നമ്പർ വനിതാ ഡബിൾസ് ടീം ആയും അവർ മാറും. ചെക് ടെന്നീസിന്റെ സുവർണ അധ്യായം തന്നെയാണ് ഇന്ന് ക്രെജിക്കോവ പാരീസിൽ കുറിച്ചത്.