ക്ലബ് ഫുട്ബോളിൽ നിന്ന് മാറി എല്ലാ ഫുട്ബോൾ പ്രേമികളുടെയും ശ്രദ്ധ ഇനി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മാറുകയാണ്. 2020ൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പിന് ആണ് നാളെ കിക്കോഫ് ആകുന്നത്. കൊറോണ കാരണം വൈകിയ യൂറോ കപ്പിന് ഇപ്പോഴും കൊറോണ ഭീഷണിയായി നിൽക്കുന്നുണ്ട്. എന്നാലും ശക്തമായ ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ച് യുവേഫ ടൂർണമെന്റുമായി മുന്നോട്ട് നീങ്ങുകയാണ്.
പതിവിൽ നിന്ന് മാറി 11 രാജ്യങ്ങളിലായാണ് ഇത്തവണ യൂറോ കപ്പ് നടക്കുന്നത്. അസർബൈജാൻ, ഡെന്മാർക്ക്, ഇംഗ്ലണ്ട്, ജർമ്മനി, ഹംഗറി, ഇറ്റലി, നെതർലന്റ്സ്, റൊമാനിയ, റഷ്യ, സ്കോട്ട്‌ലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ടൂർണമെന്റിന് സയുക്തമയി ആതിഥ്യം വഹിക്കുന്നത്. സെമി ഫൈനലുകൾക്കും ഫൈനലിനും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം ആതിഥ്യം വഹിക്കും. ജൂലൈ 11നാണ് ഫൈനൽ നടക്കുന്നത്. ആരു ഗ്രൂപ്പുകളിലായി 24 ടീമുകൾ കിരീടത്തിനായി പോരാടും.
നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലും ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസും മുൻ ലോക ചാമ്പ്യന്മാരായ ജർമനിയും അടങ്ങിയ ഗ്രൂപ്പ് എഫ് ആണ് മരണഗ്രൂപ്പായി അറിയപ്പെടുന്നത്. പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, ഇറ്റലി എന്നിവരൊക്കെയാണ് ടൂർണമെന്റിൽ ഫേവറിറ്റുകളായി ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. മാഞ്ചിനിക്ക് കീഴിൽ പഴയ ഇറ്റലിയെ ഓർമ്മിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇറ്റലി നടത്തുന്നത്. അവസാന എട്ടു മത്സരങ്ങളിൽ ഒരു ഗോളു പോലും വഴങ്ങാതെയാണ് ഇറ്റലി യൂറോ കപ്പിന് എത്തുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പർ സ്റ്റാറുകളുടെ സാന്നിദ്ദ്യമണ് ഇംഗ്ലണ്ടിനെ ഫേവറിറ്റ്സ് ആക്കുന്നത്. ആസ്റ്റൺ വില്ല താരം ഗ്രീലിഷിന്റെ പ്രകടനമാകും ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നത്. ഫിൽ ഫോഡൻ, മൗണ്ട്, ഡെക്ലൻ റൈസ് തുടങ്ങി ഇംഗ്ലണ്ടിന്റെ ടീമിൽ ഏതു ടീമിനെയും ഞെട്ടിക്കാവുന്ന ടാലന്റുകൾ ഉണ്ട്. ഹാരി കെയ്ൻ, ഹരി മഗ്വയർ തുടങ്ങി കഴിഞ്ഞ ലോകകപ്പിലെ ഇംഗ്ലണ്ട് ഹീറോകളും സ്ക്വാഡിൽ ഉണ്ട്.
ഫ്രാൻസ് തന്നെയാണ് ഏറ്റവും വലിയ ഫേവറിറ്റുകൾ. ലോക കിരീടം നേടിയ ടീമിനൊപ്പം ബെൻസീമ കൂടെ എത്തുന്നത് ഫ്രാൻസിനെ കൂടുതൽ ശക്തരാക്കുന്നുണ്ട്. എമ്പപ്പെ, പോഗ്ബ, കാന്റെ, ഗ്രീസ്മൻ, വരാനെ, ലോറിസ് തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളേഴ്സിന്റെ നീണ്ട നിര തന്നെ ഫ്രാൻസിൽ ഉണ്ട്. ജർമ്മനിയും പോർച്ചുഗലും എതിരായി ഗ്രൂപ്പ് തന്നെ വരുന്നതാകും ഫ്രാൻസിന്റെ ഏക പ്രശ്നം.
ഫ്രാൻസ് കഴിഞ്ഞാൽ വലിയ സ്ക്വാഡ് പോർച്ചുഗലിന് ആണ് ഉള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന സൂപ്പർ സ്റ്റാർ ഉണ്ടെങ്കിലും അതിനേക്കാൾ വ്യാപ്തി ഉള്ള സ്ക്വാഡാണ് ഇപ്പോൾ പോർച്ചുഗലിന് ഉള്ളത്. യൂറോപ്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ക്രിയേറ്റർ എന്ന് അറിയപ്പെടുന്ന ബ്രൂണോ ഫെർണാണ്ടസിന്റെ സാന്നിദ്ധ്യം പോർച്ചുഗലിനെ ഏതു ഡിഫൻസും ഭയക്കുന്ന ടീമാക്കി മാറ്റുന്നു. ജോട, ആൻഡ്രെ സിൽവ, ജാവോ ഫെലിക്സ്, ബെർണാഡോ സിൽവ എന്ന് തുടങ്ങി ലോക ഫുട്ബോളിലെ പ്രധാനികൾ ഒക്കെ അവിടെയുണ്ട്. ഡിഫൻസിലെ റുബൻ ഡയസ് സാന്നിദ്ധ്യം സാന്റോസിന്റെ ടീമിനെ പ്രതിരോധത്തിലും ശക്തമാക്കുന്നു.
പരിശീലകൻ ലോയുടെ അവസാന ടൂർണമെന്റിന് എത്തുന്ന ജർമ്മനിയെയും ചെറുതായി കാണാൻ ആകില്ല. അവസാന കുറച്ച് കാലമായി ജർമ്മനിക്ക് സ്ഥിരത ഇല്ലായെങ്കിലും വലിയ ടാലന്റുകളുടെ നിര അവർക്കുമുണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് നേടി എത്തുന്ന ഹവേർട്സും വെർണറും കൂടാതെ ബയേണിന്റെ യുവതാരമായ ജമാൽ മുസിയലയും യൂറൊയുടെ താരമായേക്കും. മുള്ളറും നൂയറും പോലെ പരിചയസമ്പത്തും ജർമ്മനിക്ക് ഒപ്പം ഉണ്ട്.
കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെൽജിയത്തിന് പരിക്കിന്റെ ആശങ്കയുണ്ട്. അവരുടെ പ്രധാന താരമായ ഡിബ്രുയിൻ പരിക്കിന്റെ പിടിയിലാണ്. ഹസാർഡ് ആണെങ്കിൽ അവസാന രണ്ടു സീസണായി ഫിറ്റ്നെസില്ലാതെ നിൽക്കുകയാണ്. മധ്യനിര താരം വിറ്റ്സലും പരിക്കിന്റെ പിടിയിലാണ്. ഇവരുടെ ഒക്കെ ഫിറ്റ്നെസ് പ്രശ്നങ്ങൾ ബെൽജിയം ടീമിന്റെ ഉത്തരവാദിത്വം ലുകാകുവിന്റെ ചുമലിലേക്ക് ആക്കും. ഇന്റർ മിലാനെ കിരീടത്തിലേക്ക് നയിച്ച ലുകാകു തന്നെയാകും ഇത്തവണ ബെൽജിയത്തിന്റെ പ്രധാന താരം.
വാൻ ഡൈകിന്റെയും വാൻ ഡെ ബീകിന്റെയും അഭാവത്തിൽ ആണ് ഹോളണ്ട് എത്തുന്നത്. മികച്ച സ്ക്വാഡ് ഉണ്ട് എങ്കിലും പരിശീലകൻ ഫ്രാങ്ക് ഡി ബോറാണ് ഹോളണ്ട് ആരാധകരുടെ യൂറൊ പ്രതീക്ഷ കുറയാൻ കാരണം. ഡി ബോറിന്റെ പരിശീലകനായുള്ള റെക്കോർഡുകൾ അത്ര മികച്ചതല്ല. ഹോളണ്ടിൽ എത്തിയിട്ട് കോമാൻ തുടർന്നിരുന്ന മികവ് ആവർത്തിക്കാൻ ഡി ബോറിനായിട്ടില്ല. ഡിപായ്, ഡി ലിറ്റ്, ഡി യോങ്ങ് എന്നിവരിലൊക്കെ ആകും ഹോളണ്ടിന്റെ പ്രതീക്ഷ.
ലൂയി എൻറികെയുടെ സ്പെയിൻ പഴയ പ്രതാപമുള്ള സ്പെയിനല്ല. റാമോസ് അടക്കമുള്ള പരിചിത മുഖങ്ങൾ പലതും സ്പെയിനൊപ്പം ഇപ്പോൾ ഇല്ല. എങ്കിലും പരിശീലകൻ ലൂയി എൻറികെയുടെ തന്ത്രങ്ങൾ സ്പെയിനിനെ വലിയ ശക്തികളായി തന്നെ ഈ യൂറോ കപ്പിൽ നിലനിർത്തും. ലെവൻഡോസ്കിയുടെ പോളണ്ട്, മോഡ്രിചിന്റെ ക്രൊയേഷ്യ, ബെയ്ലിന്റെ വെയിൽസ്, ഇബ്രാഹിമോവിച് ഇല്ലെങ്കിലും സ്വീഡൻ, ഒത്തൊരുമയുള്ള തുർക്കി എന്നിങ്ങനെ യൂറോ കപ്പിൽ അട്ടിമറികൾ നടത്തി മുന്നേറാൻ കഴിയുന്ന ഒരുപാട് ടീമുകൾ ഉണ്ട്.
നാളെ രാത്രി ഇറ്റലിയും തുർക്കിയും തമ്മിലുള്ള മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കമാകുക. നാളെ കഴിഞ്ഞാൽ ഒരോ ദിവസവും മൂന്ന് മത്സരങ്ങൾ വീതമുണ്ട്. ഇന്ത്യം സമയം വൈകിട്ട് 6.30, രാത്രി 9.30, 12.30 എന്നീ സമയങ്ങളിലാണ് മത്സരത്തിന്റെ കിക്കോഫുകൾ. മത്സരങ്ങൾ എല്ലാം തത്സമയം സോണിയുടെ സ്പോർട്സ് ചാനലുകളിൽ കാണാം. സോണി ലൈവിലും കളി തത്സമയം കാണാം.