കിരീടങ്ങൾ കൊയ്ത സ്വപ്ന യാത്രക്ക് അവസാനം, ബിനോ ജോർജ്ജ് ഗോകുലം വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള എഫ് സിയെ തുടക്കം മുതൽ നയിച്ച ബിനോ ജോർജ്ജ് ക്ലബ് വിട്ടു. ആദ്യം പരിശീലകനായും പിന്നീട് ടെക്നിക്കൽ ഡയറക്ടറായും ഗോകുലം കേരളയിൽ പ്രവർത്തിച്ച ബിനോ ജോർജ്ജ് ഇന്നലെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താൻ സ്ഥാനം ഒഴിയുകയാണെന്ന വാർത്ത പങ്കുവെച്ചത്. എ എഫ് സി പ്രൊ ലൈസൻസ് ഉള്ള ബിനോ ജോർജ്ജിന് നിരവധി ഐ എസ് എൽ ക്ലബുകളിൽ നിന്ന് ഓഫറുകൾ ഉണ്ട്. ഐ എസ് എല്ലിലേക്ക് തന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ആകും ബിനോ ജോർജ്ജ് ഇനി ശ്രമിക്കുക.

ഗോകുലം കേരളയെ ആദ്യ മത്സരം മുതൽ പരിശീലിപ്പിച്ച ബിനോ ജോർജ്ജ് ക്ലബിന്റെ ഐ ലീഗിലെ ആദ്യ സീസണിൽ വൻ ക്ലബുകളെ ഒക്കെ അട്ടിമറിച്ച് ക്ലബിന് ജയന്റ് കില്ലേഴ്സ് എന്ന പേര് വാങ്ങിക്കൊടുത്തിരുന്നു. ഗോകുലം ഐ ലീഗ് കിരീടവും ഡ്യൂറണ്ട് കപ്പും വനിതാ ഐ ലീഗ് കിരീടവും എല്ലാം നേടുമ്പോൾ ക്ലബിന്റെ തലപ്പത്ത് തന്നെ ബിനോ ജോർജ്ജ് ഉണ്ടായിരുന്നു‌. ഇതുകൂടെ രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും ഗോകുലം ബിനോ ജോർജ്ജിന്റെ നേതൃത്വത്തിൽ നേടി.

ക്ലബ് ആരംഭിച്ച സമയത്ത് എ എഫ് സി കപ്പ് യോഗ്യത ആണ് ലക്ഷ്യം എന്ന് പറഞ്ഞിരുന്ന ബിനോ ജോർജ്ജ് ഇന്ന് ആ ഏഷ്യൻ സ്വപ്നവും നിറവേറ്റിയാണ് പടിയിറങ്ങുന്നത്. ഒരുപാട് യുവ മലയാളി താരങ്ങളെ ദേശീയ തലത്തിലേക്ക് വളർത്താനും ബിനോ കോച്ചിന് ഈ ചെറിയ കാലം കൊണ്ടായി. കേരള ഫുട്ബോളിനും ഇന്ത്യൻ ഫുട്ബോളിനും ഒരുപാട് സംഭാവന ചെയ്യാൻ ബാക്കിയുള്ള ഈ യുവപരിശീലകന്റെ അടുത്ത തട്ടകം അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം.