പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ ജയവുമായി മാഞ്ചസ്റ്റർ സിറ്റി കിരീടത്തോട് ഒരു പടി കൂടി അടുത്തു. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. ആദ്യ മിനുട്ടിൽ തന്നെ ഗോൾ വഴങ്ങുകയും തുടർന്ന് പത്ത് പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലക്കെതിരെ പൊരുതി ജയം നേടുകയായിരുന്നു. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാം.
ആദ്യ പകുതിയിയുടെ അവസാന മിനുട്ടിൽ ജോൺ സ്റ്റോൺസും രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല താരം മാറ്റി ക്യാഷും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും പത്ത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. മത്സരത്തിന്റെ 20ആം സെക്കന്റിൽ തന്നെ ജോൺ മാക്ഗിന്നിന്റെ ഗോളിലാണ് ആസ്റ്റൺ വില്ല ലീഡ് നേടിയത്. എന്നാൽ 22ആം മിനുറ്റിൽ ഫിൽ ഫോഡെനിലൂടെ സമനില ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ റോഡ്രിയിലൂടെ മത്സരത്തിൽ ലീഡും സ്വന്തമാക്കി.
ആദ്യ പകുതിയുടെ അവസാന മിനുറ്റിൽ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ജോൺ സ്റ്റോൺസ് ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതോടെ രണ്ടാം പകുതി മുഴുവൻ പത്ത് പേരുമായാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല താരം മാറ്റി ക്യാഷും ചുവപ്പ് കാർഡ് കണ്ടതോടെ ഇരു ടീമുകളും 10 പേരായി ചുരുങ്ങി.