യൂറോപ്പ ലീഗ് ക്വാർട്ടറിലെ രണ്ടാം പാദ ക്വാർട്ടർ മത്സരത്തിൽ ഇന്ന് റോമ അയാക്സിനെ നേരിടും. ആംസ്റ്റർഡാമിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ റോമ 2-1ന്റെ വിജയം നേടിയിരുന്നു. രണ്ട് എവേ ഗോളും വിജയവും ഉള്ളത് കൊണ്ട് ഇന്ന് റോമയ്ക്ക് തന്നെയാണ് മുൻതൂക്കം. സ്വന്തം ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നതും റോമയ്ക്ക് പ്രതീക്ഷ നൽകുന്നു. സീരി എയിൽ റോമ അത്ര ഫോമിൽ അല്ല എങ്കിലും യൂറോപ്പയിൽ തുടർച്ചയായി അഞ്ചു വിജയങ്ങളുമായി നിൽക്കുകയാണ് അവർ.
2017ൽ യൂറോപ്പ ലീഗ് റണ്ണേഴ്സ് അപ്പ് ആയവരാണ് അയാക്സ്. ഇത്തവണ കിരീടം ലക്ഷ്യം വെച്ചു എങ്കിലും ആംസ്റ്റർഡാമിലെ പരാജയം അയാക്സിന് തിരിച്ചടിയാണ്. വിജയിച്ച് സെമിയിലേക്ക് മുന്നേറാം എന്നാണ് അയാക്സ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ഇന്ന് സെമിയിലേക്ക് മുന്നേറുന്നവർ ഗ്രാനഡയെയോ മാഞ്ചസ്റ്റർ യുണൈറ്റഡിനെയോ ആകും നേരിടുക.
രണ്ട് ടീമിനും പരിക്ക് വലിയ പ്രശ്നമാണ്. സ്മാളിംഗ്, സ്പിനസോള, ബ്രൂണൊ പെരസ് എന്നിവർ ഒന്നും റോമ നിരയിൽ ഇന്ന് പരിക്ക് കാരണം ഉണ്ടാകില്ല. അയാക്സ് നിരയിൽ ഡലെ ബ്ലിൻഡ്, ബ്രയാൻ ബ്രോബി എന്നിവരും ഇല്ല. ഇന്ന് രാത്രി 12.30നാണ് മത്സരം.