അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന തോന്നിപ്പിച്ച സണ്‍റൈസേഴ്സ് ഹൈദ്രാബാദില്‍ നിന്ന് വിജയം തട്ടിയെടുത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം 115/2 എന്ന നിലയില്‍ മനീഷ് പാണ്ടേയും ജോണി ബൈര്‍സ്റ്റോയും ടീമിനെ മുന്നോട്ട് നയിക്കുമ്പോളാണ് തന്റെ ഒരോവറില്‍ മൂന്ന് സണ്‍റൈസേഴ്സ് താരങ്ങളെ വീഴ്ത്തി ഷഹ്ബാസ് അഹമ്മദ് ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
തുടക്കത്തില്‍ വൃദ്ധിമന്‍ സാഹയെ നഷ്ടമായ ടീമിനെ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. 66 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ കൂട്ടുകെട്ട് അവസാനിപ്പിച്ചത് വാര്‍ണറുടെ വിക്കറ്റ് കൈല്‍ ജാമിസണ്‍ വീഴ്ത്തിയതോടെയാണ്. വാര്‍ണര്‍ പുറത്താകുന്നതിന് മുമ്പ് 96/1 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. അവിടെ നിന്ന് ടീമിന്റെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു.
37 പന്തില്‍ 54 റണ്‍സാണ് വാര്‍ണര്‍ നേടിയത്. 115/2 എന്ന നിലയില്‍ നിന്ന് 116/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീഴുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. 12 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെയും 38 റണ്‍സ് നേടിയ മനീഷ് പാണ്ടേയെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തിയ ഷഹ്ബാസ് ഓവറിലെ അവസാന പന്തില്‍ അബ്ദുള്‍ സമദിനെയും വീഴ്ത്തി.
തൊട്ടടുത്ത ഓവറില്‍ വിജയ് ശങ്കറുടെ വിക്കറ്റ് ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയപ്പോള്‍ രണ്ടോവറില്‍ 27 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടേണ്ടിയിരുന്നത്. സിറാജ് എറിഞ്ഞ ആദ്യ പന്തില്‍ സിക്സര്‍ പറത്തിയ റഷീദ് ഖാന്‍ അടുത്ത പന്തില്‍ സിംഗിള്‍ നേടിയപ്പോള്‍ സ്ട്രൈക്ക് നേടിയ ജേസണ്‍ ഹോള്‍ഡറെ വീഴ്ത്തി സിറാജ് തന്റെ രണ്ടാം വിക്കറ്റ് നേടി.
അവസാന ഓവറില്‍ 16 റണ്‍സ് ജയിക്കുവാന്‍ വേണ്ടപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ ആദ്യ രണ്ട് പന്തില്‍ കൃത്യതയോടെ എറിഞ്ഞുവെങ്കിലും മൂന്നാം പന്ത് നോബോളും അതില്‍ ബൗണ്ടറിയും പിറന്നപ്പോള്‍ ലക്ഷ്യം 4 പന്തില്‍ എട്ടായി കുറഞ്ഞു. 9 പന്തില്‍ 18 റണ്‍സ് നേടിയ റഷീദ് ഖാന്‍ റണ്ണൗട്ടായതോടെ ലക്ഷ്യം രണ്ട് പന്തില്‍ എട്ട് റണ്‍സായി മാറി. അടുത്ത പന്തില്‍ ഷഹ്ബാസ് നദീമിനെ ഷഹ്ബാസ് അഹമ്മദ് പിടിച്ചപ്പോള്‍ പട്ടേലിന് രണ്ടാമത്തെ വിക്കറ്റ് ലഭിച്ചു.
20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം സണ്‍റൈസേഴ്സ് നേടിയപ്പോള്‍ ആര്‍സിബി ആറ് റണ്‍സ് വിജയവും ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ വിജയവും സ്വന്തമാക്കി.