കുല്‍ദീപ് യാദവ് തന്റെ കരിയറില്‍ യാതൊരു മുന്നേറ്റവും നടത്തിയിട്ടില്ലെന്നും ഒരേ നിലയില്‍ തന്നെ തുടരുകയാണെന്നും പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കുല്‍ദീപിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.
മൂന്നാം ഏകദിനത്തിലെ ടീമില്‍ നിന്ന് കുല്‍ദീപ് പുറത്ത് പോകുകയായിരുന്നു. ആദ്യ മത്സരത്തില്‍ 9 ഓവറില്‍ 68 റണ്‍സ് വഴങ്ങിയ താരം രണ്ടാം മത്സരത്തില്‍ 10 ഓവറില്‍ 84 റണ്‍സാണ് വഴങ്ങിയത്.
മൂന്നാം മത്സരത്തിന് തൊട്ടുമുമ്പാണ് ഇത്തരത്തില്‍ മൈക്കല്‍ വോണ്‍ തന്റെ അഭിപ്രാം പങ്കുവെച്ചത്. ഐപിഎല്‍ ആകട്ടെ അന്താരാഷ്ട്ര ക്രിക്കറ്റ് ആകട്ടെ താരത്തിന് മുന്നോട്ട് വരുവാന്‍ സാധിച്ചിട്ടില്ലെന്നും ലെഗ് സ്പിന്നറെന്ന നിലയില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരുവാന്‍ താരത്തിന് സാധിച്ചിട്ടല്ലെന്നും വോണ്‍ പറഞ്ഞു.
ഇന്നത്തെ കാലത്ത് ബാറ്റ്സ്മാന്മാര്‍ക്ക് ടെക്നോളജിയുടെ സഹായത്തോടെ ഒരു ബൗളറെ പഠിക്കുവാനുള്ള അവസരം ലഭിക്കുമ്പോള്‍ കുല്‍ദീപ് ഒരേ പോലെയാണ് പന്തെറിയുന്നതെന്നും കാര്യങ്ങള്‍ ബാറ്റ്സ്മാന്മാര്‍ക്ക് എളുപ്പമാക്കുകയാണ് താരം ചെയ്തതെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി.
താരത്തിന്റെ കൈയ്യില്‍ സ്ലോ പേസ് മാത്രമാണുള്ളതെന്നും സ്ലോ ലെഗ് സ്പിന്നര്‍ , സ്ലോ ഗൂഗ്ളി മാത്രമാണ് കുല്‍ദീപിന് എറിയുവാന്‍ കഴിയുന്നതെന്നും വോണ്‍ പറഞ്ഞു.