രാഹുലിനെ ഇന്നത്തെ നിലയിലുള്ള ബാറ്റ്സ്മാനാക്കിയതില്‍ കോഹ്‍ലിയ്ക്ക് വലിയ റോള്‍ – വിരേന്ദര്‍ സേവാഗ്

Sports Correspondent

ഇന്ത്യയുടെ മിന്നും താരം കെഎല്‍ രാഹുല്‍ ഇന്ന് ഏത് നിലവാരത്തിലുള്ള ബാറ്റ്സ്മാനാണോ താരത്തെ അവിടേക്ക് എത്തിച്ചതിന് പിന്നില്‍ കോഹ്‍ലിയുടെ കരങ്ങള്‍ ഏറെ വലുതാണെന്ന് പറഞ്ഞ് വിരേന്ദര്‍ സേവാഗ്. ടി20 പരമ്പരയില്‍ താരത്തിന്റെ പ്രകടനം ദയനീയമായിരുന്നുവെങ്കിലും ഇംഗ്ലണ്ടിനെതിരെ ഏകദിനങ്ങളില്‍ മികച്ച പ്രകടനമാണ് രാഹുല്‍ പുറത്തെടുത്തത്.

ആദ്യ ഏകദിനത്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന താരം രണ്ടാം ഏകദിനത്തില്‍ 108 റണ്‍സാണ് നേടിയത്. താരത്തെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിന് പിന്നില്‍ വിരാട് കോഹ്‍ലിയാണെന്നും താരത്തിനെ വിവിധ പൊസിഷനുകളില്‍ ബാറ്റ് ചെയ്യുവാന്‍ കോഹ്‍ലി ആവശ്യപ്പെട്ടപ്പോള്‍ അത് താരത്തിന്റെ കഴിവിലുള്ള വിശ്വാസം കാരണം കൂടിയാണെന്നും സേവാഗ് വ്യക്തമാക്കി.

Rahulvirat

ഏകദേശം എല്ലാ സ്ലോട്ടിലും താരം കളിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്റെ ഏറ്റവും പ്രിയങ്കരനായ ബാറ്റ്സ്മാന്‍ ആയതിനാലാണ് താരത്തിനെ ഇത്തരത്തില്‍ പല സ്ഥാനങ്ങളില്‍ പരീക്ഷിക്കുന്നതെന്നും സേവാഗ് സൂചിപ്പിച്ചു.